മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് വീണ്ടും വിജിലൻസ്

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻമന്ത്രി കെ.എം. മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന്

ആവർത്തിച്ച് വിജിലൻസ്. മാണിയെ കുറ്റമുക്തനാക്കി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് തള്ളണമെന്ന ഹരജിയിലുള്ള വാദത്തിലാണ് വിജിലൻസ് നിയമോപദേശകൻ ഇക്കാര്യം ആവർത്തിച്ചത്. നേരിട്ട് തെളിവില്ലാതെ ശിക്ഷിക്കപ്പെട്ട കേസുണ്ടല്ലോയെന്നും ബാർ കോഴക്കേസ് ഇത്തരം സ്വഭാവമുള്ളതല്ലേയെന്നും കോടതി ചോദിച്ചു. കേസിൽ സാഹചര്യത്തെളിവും സാക്ഷിമൊഴിയും ഇല്ലെന്നും സജു ഡൊമിനിക് 2014 മാർച്ച് 22ന് മാണിയുടെ കോട്ടയത്തെ വീട്ടിൽെവച്ച് 15 ലക്ഷം രൂപ നൽകിയെന്ന ജോൺ കല്ലാട്ടിെൻറ ആരോപണം അന്വേഷണത്തിൽ ബോധ്യമായില്ലെന്നും വിജിലൻസ് അഭിഭാഷകൻ അറിയിച്ചു.
സാഹചര്യത്തെളിവ് മാത്രം കണക്കിലെടുത്ത് വീണ്ടും അന്വേഷിക്കാൻ ഉത്തരവ് നൽകാൻ കഴിയുന്ന മുൻ കേസുണ്ടെങ്കിൽ ഹാജരാക്കാൻ പരാതിക്കാരനായ നോബിൾ മാത്യുവിനോട് കോടതി ആവശ്യപ്പെട്ടു. നോബിൾ മാത്യുവടക്കം 11 പേരാണ് തടസ്സഹരജി ഫയൽ ചെയ്തത്. മന്ത്രിസഭയുടെ ഭാഗമായതിനാൽ സർക്കാറിനെതിരെ ഹരജി നൽകാൻ കഴിയാത്തതിനാൽ മന്ത്രി വി.എസ്. സുനിൽകുമാർ പിന്മാറി. കേസിലെ പ്രധാന പരാതിക്കാരനായ വി.എസ്. അച്യുതാനന്ദൻ തടസ്സ ഹരജി ഫയൽ ചെയ്തില്ല.
വി.എസിെൻറ അഭിഭാഷകൻ ഹരജി ഫയൽ ചെയ്യാൻ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് തുടർവാദം 27ന്
വീണ്ടും പരിഗണിക്കും. കേസിൽ കക്ഷിയായ സാമൂഹിക പ്രവർത്തക സാറാ ജോസഫ് ഹാജരായില്ല. മാണി ബാറുടമകളിൽനിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. പൂട്ടിയ 48 ബാറുകൾ തുറക്കാൻ മാണി അഞ്ചുകോടി ആവശ്യപ്പെട്ടെന്നാണ് ബിജു രമേശിെൻറ ആരോപണം.

%d bloggers like this: