നിപ്പ വൈറസ് ; ഐസൊലേഷൻ വാർഡിലുള്ളവരുടെ പരിശോധന ഫലം രണ്ട് ദിവസത്തിനകം

നിപ ഐസൊലേഷൻ വാർഡിൽ കഴിയുന്ന അഞ്ച് പേരുടെ പരിശോധന ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും മന്ത്രി കൊച്ചിയിൽ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ അവലോകന യോഗം ചേരും.സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നിപ ബാധിതനായ വിദ്യാർത്ഥിയുടെയും കളമശേരിയിലെ ഐസലേഷൻ വാർഡിൽ കഴിയുന്നവരുടെയും ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നാണ് ആരോഗ്യമന്ത്രി അറിയിക്കുന്നത്. നിപ ബാധിതനായ വിദ്യാർത്ഥിയുടെ പനി കുറഞ്ഞു തുടങ്ങി. വൈകാതെ ഇയാളിൽ നിന്ന് രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഐസൊലേഷൻ വാർഡിൽ കഴിയുന്ന അഞ്ച് പേരുടെ സാമ്പിളുകൾ പൂനെ, ആലപ്പുഴ, മണിപ്പാൽ ലാബുകളിലേക്ക് അയച്ചു. നിപ ബാധിതനായ യുവാവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടർമാർ, യുവാവിന്‍റെ സഹപാഠി, ഇയാളുമായി ബന്ധപ്പെടാത്ത ചാലക്കുടി സ്വദേശി എന്നിവരാണ് ഇപ്പോൾ ഐസൊലേഷൻ വാർഡിൽ ഉള്ളത്. നാളെ രാത്രിയോടെയോ മറ്റന്നാളോടെയോ പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.ഇതിനിടെ രോഗലക്ഷണങ്ങളുമായി തൊടുപുഴയിൽ നിന്ന് രണ്ട് പേർ കൂടി കളമശേരിയിൽ ചികിത്സ തേടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: