കൊവിഡ് ഭീതി; കൗണ്‍സലിംഗിന് ഒപ്പമുണ്ട് കണ്ണൂര്‍ പദ്ധതി


ജനങ്ങള്‍ക്കിടയില്‍ കൊവിഡ് ഭീതി പരക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ജില്ലയില്‍ ഒപ്പമുണ്ട് കണ്ണൂര്‍ എന്ന പേരില്‍ വിപുലമായ കൗണ്‍സലിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നു. ഓരോ തദ്ദേശ സ്ഥാപനതലത്തിലും നാലോ അഞ്ചോ പേര്‍ അടങ്ങുന്ന പരിശീലനം ലഭിച്ച കൗണ്‍സലര്‍മാരെ നിയോഗിക്കാനാണ് തീരുമാനം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും കീഴിലുള്ള കൗണ്‍സലര്‍മാരെ ഉള്‍പ്പെടുത്തി കലക്ടറേറ്റില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കൗണ്‍സലിംഗില്‍ പരിശീലനം നേടിയ വളണ്ടിയര്‍മാര്‍, കുടുംബശ്രീ കൗണ്‍സലര്‍മാര്‍ തുടങ്ങിയവരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തും.
ജില്ലയില്‍ കൊവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍  പ്രാഥമിക, സാമൂഹിക കുടുംബാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും കൗണ്‍സിലര്‍മാരെ വിന്യസിച്ചുള്ള കൗണ്‍സലിംഗ് ശൃംഖല ഉണ്ടാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. രോഗികള്‍ക്ക് മാനസിക സാമൂഹിക പിന്തുണ നല്‍കുകയാണ് ലക്ഷ്യം.ഇതിനുള്ള നിയമന നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍, ജില്ലാ വുമണ്‍ ആന്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി.  നിയമിക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി മുമ്പാകെ ഹാജരാകണം.
ജില്ലാ മാനസികാരോഗ്യ പരിപാടിയിലൂടെ  യോഗ്യരായ സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പെടുത്തി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. തദ്ദേശ തലത്തില്‍ നിയമിക്കപ്പെടുന്ന കൗണ്‍സിലര്‍മാര്‍ക്കുള്ള പരിശീലനം ഇവരാണ് നല്‍കുക.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡല്‍ ഓഫീസര്‍ ഡോ.വാനതി സുബ്രഹ്‌മണ്യത്തിന്റെ (സൈക്കിയാട്രിസ്റ്റ്) നേതൃത്വത്തില്‍  115  ഓളം കൗണ്‍സിലര്‍മാരടങ്ങിയ സംഘത്തിനായിരിക്കും ഈ  പ്രവര്‍ത്തനത്തിന് നേതൃത്വം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: