പരാജയത്തില്‍ ഏതെങ്കിലും വ്യക്തികളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; കെ സുധാകരൻ

 

പരാജയത്തില്‍ ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം ഭംഗിയായി നടത്തി. ഇനിയുള്ള നടപടികള്‍ സമയമെടുത്ത് ആലോചിച്ച് കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

പരാജയത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുക എന്നതാണ് അനിവാര്യം. പരാജയത്തിന് നിരവധി കാരണങ്ങളുണ്ട്. അവ കണ്ടെത്തി തിരുത്തുന്ന നടപടിയല്ലാതെ വ്യഗ്രതപ്പെട്ട് ഒരു നടപടി സ്വീകരിക്കുന്നത് ഗുണകരമാകില്ല. അതിന് സമയമെടുക്കും. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ചര്‍ച്ചചെയ്ത് ഹൈക്കമാന്‍ഡുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം സിപിഎമ്മിന് അനുകൂലമായിരുന്നു. ശക്തിപ്രാപിച്ചുവരുന്ന കോവിഡ് ഇടതുപക്ഷത്തിന് അനുഗ്രഹമായി മാറി എന്നതാണ് യാഥാര്‍ഥ്യം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കോവിഡ് ഇല്ലാതാക്കി. സിപിഎമ്മിന് ഇതിന് ബദല്‍ സംവിധാനം ഉണ്ടാക്കാന്‍ സാധിച്ചു. ഭരണകക്ഷിയായതുകൊണ്ടുതന്നെ അവര്‍ക്ക് കൊടുക്കാന്‍ സാധിക്കുന്നതുപോലെ, അവര്‍ക്ക് കൈത്താങ്ങാകാന്‍ സാധിക്കുന്നതുപോലെ മറ്റാര്‍ക്കും സാധിക്കില്ല. അവരുടെ സാന്നിധ്യം, ആളുകള്‍ക്ക് നല്‍കിയ ആശ്വാസം ഇതൊക്കെ അവരുടെ വിജയത്തിന് കാരണങ്ങളാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

നേതൃസ്ഥാനത്തിരിക്കുന്ന ആരും പാര്‍ട്ടി വിരുദ്ധ നടപടികള്‍ സ്വീകരിക്കും എന്ന് വിശ്വസിക്കാന്‍ സാധ്യമല്ല. പോരായ്മകള്‍ ഉണ്ടാകാം. അതൊന്നും മനപ്പൂര്‍വമാണെന്ന് കരുതുന്നില്ല. കാര്യങ്ങള്‍ എല്ലാവരെയും ബോധ്യപ്പെടുത്തിക്കൊണ്ട് ഹൈക്കമാന്‍ഡിന്റെ അനുവാദത്തോടെയുള്ള തീരുമാനം പ്രാവര്‍ത്തികമാക്കുന്നതാണ് കോണ്‍ഗ്രസിനു മുന്നണിക്കും നല്ലത്. സക്രിയമായ നേതൃത്വത്തെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് സാധിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: