ഓക്സിജന്റെ ലഭ്യത തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഇനി ഒരു പ്രശ്നമാകില്ല; ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായി

തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു

പ്ലാന്റിന്റെ ഉല്‍പ്പാദന ശേഷി 200 എല്‍പിഎം

കോവിഡ് രോഗ വ്യാപനം രൂക്ഷമായിരിക്കെ ഗുരുതര രോഗികളുടെ ചികില്‍സയ്ക്ക് അനിവാര്യമായ ഓക്സിജന്റെ ലഭ്യത തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഇനി ഒരു പ്രശ്നമാകില്ല. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായതോടെയാണിത്. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ ഒന്നാം തരംഗ വേളയിലാണ് ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഐസിയുവില്‍ മാത്രമായിരുന്നു ഓകസിജന്‍ നേരിട്ട് എത്തിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഗുരുതര രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചുവന്നതോടെ ഓക്‌സിജന്‍ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുകയായിരുന്നു. ആശുപത്രി വാര്‍ഡുകളിലെ എല്ലാ ബെഡുകളിലും ഓക്സിജന്‍ നേരിട്ട് എത്തിക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്.
നിലവില്‍ വാര്‍ഡിലെ 250 കിടക്കകള്‍ക്ക് നേരിട്ട് പൈപ്പുകള്‍ വഴി ഓക്‌സിജന്‍ ലഭ്യമാക്കുന്നുണ്ട്. 200 ലിറ്റര്‍ പെര്‍ മിനിട്ടാണ് (എല്‍പിഎം) ഇവിടത്തെ ഓക്സിജന്‍ പ്ലാന്റിന്റെ ഉല്‍പ്പാദന ശേഷി. അന്തരീക്ഷത്തില്‍ നിന്ന് ശേഖരിച്ച് സംസ്‌ക്കരിച്ച ശേഷം 98 ശതമാനം ശുദ്ധമായ ഓക്സിജനാണ് പ്ലാന്റില്‍ നിന്ന് വിതരണം ചെയ്യുന്നത്. നിലവില്‍ 30 ഓളം കോവിഡ് രോഗികള്‍ക്ക് ഇവിടെ നിന്നും ഓക്സിജന്‍ നല്‍കി വരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിലാണ് ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് എന്ന ആശയം ഉയര്‍ന്നുവന്നത്. കോവിഡ് ചികില്‍സയ്ക്കായി ഓക്സിജന്‍ ആവശ്യമായി വരുന്ന സാഹചര്യം മുന്നില്‍ കണ്ട് അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 40 ലക്ഷം രൂപയും ആശുപത്രി ഫണ്ടില്‍ നിന്നുള്ള 17 ലക്ഷം രൂപയും ഉപയോഗിച്ചായിരുന്നു പ്ലാന്റ് നിര്‍മ്മാണം. ലോക്ഡൗണ്‍ സമയത്ത് പ്രത്യേക അനുമതിയോടെ ഗുജറാത്തില്‍ നിന്നുമാണ് പ്ലാന്റിനു വേണ്ട മെഷിനറികള്‍ എത്തിച്ചത്. കണ്ണൂര്‍ ജില്ലയില്‍ ഓക്സിജന്‍ പ്ലാന്റുള്ള ഏക ആശുപത്രി കൂടിയാണ് തലശ്ശേരി ജനറല്‍ ആശുപത്രിയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആശാ ദേവി പറഞ്ഞു. ജില്ലയിലെ മറ്റ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ പുറത്തുനിന്ന് ഓക്‌സിജന്‍ എത്തിക്കുകയാണ് ചെയ്യുന്നത്. അതിനിടെ, ജില്ലാ ആശുപത്രിയില്‍ 1000 എല്‍പിഎം ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: