ഇന്നത്തെ (05-05-2020) മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ പൂർണ രൂപം

ഇന്ന് പുതുതായി 3 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നുപേരും വയനാട് ജില്ലയിലാണ്. സമ്പര്‍ക്കംമൂലമാണ് മൂന്നുപേര്‍ക്കും വൈറസ് ബാധിച്ചത്.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ പോയി വന്ന വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും വണ്ടിയുടെ ക്ലീനറുടെ മകനുമാണ് ഇപ്പോള്‍ രോഗബാധയുണ്ടായത് (മറ്റിടങ്ങളില്‍നിന്ന് എത്തുമ്പോള്‍ നിര്‍ബന്ധമായും പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ അയഞ്ഞാല്‍ ഉണ്ടാകുന്ന അപകടത്തിന്‍റെ സൂചനയാണിത്). രോഗബാധയുള്ള ആരുടെയും പരിശോധനാ ഫലം നെഗറ്റീവായി വന്നിട്ടില്ല.

ഇതുവരെ 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 37 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. 21,342 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,034 പേര്‍ വീടുകളിലും 308 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 33,800 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 33,265 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്. ഇന്നുമാത്രം 1024 ടെസ്റ്റാണ് നടത്തിയത്.

സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പില്‍പ്പെട്ട 2512 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1979 നെഗറ്റീവ് റിസള്‍ട്ട് വന്നിട്ടുണ്ട്. ഇന്ന് പുതുതായി ഹോട്ട്സ്പോട്ടുകള്‍ ഇല്ല. കണ്ണൂര്‍ – 18, കോട്ടയം – 6, വയനാട് – 4, കൊല്ലം – 3, കാസര്‍കോട് – 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം. നാലു ജില്ലകള്‍ കോവിഡ് മുക്തമാണ്.

കേന്ദ്ര ഗവണ്‍മെന്‍റ് വിദേശ രാജ്യങ്ങളില്‍നിന്ന് വളരെ കുറച്ചുപേരെ മാത്രമേ ആദ്യ ഘട്ടത്തില്‍ കൊണ്ടുവരുന്നുള്ളു. കിട്ടിയ വിവരമനുസരിച്ച് കേരളത്തിലെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ചുദിവസം എത്തിച്ചേരുക 2250 പേരാണ്. ഇന്ത്യാ ഗവണ്‍മെന്‍റ് ആകെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് 80,000 പേരെയാണ് എന്നും വിവരമുണ്ട്. എന്നാല്‍, അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയതനുസരിച്ച് 1,69,136 പേരുണ്ട്. തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തവരാകട്ടെ 4.42 ലക്ഷം പേരാണ്.

തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കിക്കിട്ടാത്തവര്‍, ജയില്‍ മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക്ഡൗണിന്‍റെ ഭാഗമായി മാതാപിതാക്കളില്‍നിന്നും വേറിട്ടുനില്‍ക്കുന്ന കുട്ടികള്‍, വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍, കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ അടങ്ങുന്ന മുന്‍ഗണനാ ലിസ്റ്റും കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. നമ്മുടെ ആവശ്യം ആദ്യ ഘട്ടത്തില്‍ തന്നെ അവരെയാകെ നാട്ടിലെത്തണമെന്നാണ്.

എന്നാല്‍, കേന്ദ്രം അത് അനുവദിച്ചിട്ടില്ല. സംസ്ഥാനം ഔദ്യോഗിക വെബ്സൈറ്റിലൂടെ ശേഖരിച്ച വിവരങ്ങള്‍ കേന്ദ്ര ഗവണ്‍മെന്‍റിനും ബന്ധപ്പെട്ട എംബസികള്‍ക്കും കൈമാറേണ്ടതുണ്ട്. എന്നാല്‍, വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം ഇതുവരെ വിദേശ മന്ത്രാലയവും എംബസികളും ലഭ്യമാക്കിയിട്ടില്ല. ഈ കാര്യം നേരത്തേ തന്നെ ഔദ്യോഗിക തലത്തില്‍ അറിയിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. മുന്‍ഗണനാ വിഭാഗങ്ങളില്‍പെട്ടവരെ എത്രയുംവേഗം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നാട്ടിലെത്തിക്കണം എന്ന് കേന്ദ്ര ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുന്നു.

കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയും പ്രവാസികളെ കൊണ്ടുവരുമ്പോഴുള്ള സജ്ജീകരണമാണ് ഒരുക്കിയത്.  എന്നാല്‍, കണ്ണൂര്‍ വിമാനത്താവളത്തെ അതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിന്‍റെ കാരണം വ്യക്തമാക്കിയിട്ടുമില്ല. കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തേണ്ട ആയിരക്കണക്കിന് ആളുകളുണ്ട്. രജിസ്റ്റര്‍ ചെയ്ത കേരളീയരില്‍ 69,179 പേര്‍ കണ്ണൂരില്‍ ഇറങ്ങണമെന്നാണ് താല്‍പര്യപ്പെട്ടിട്ടുള്ളത്. മറ്റിടങ്ങളില്‍ ഇറങ്ങിയാല്‍ അവരുടെ യാത്ര പ്രശ്നമാകും. ഇക്കാര്യവും പ്രധാനമന്ത്രിക്കയച്ച കത്തില്‍ വിശദമായി ചൂണ്ടിക്കാണിച്ചു.

കേന്ദ്ര ഗവണ്‍മെന്‍റ് അറിയിച്ചതനുസരിച്ച് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനത്തില്‍ ആളുകളെ എത്തിക്കുന്നത്. അത് വലിയ അപകടം സൃഷ്ടിക്കുന്ന രീതിയാണ്. ഒരു വിമാനത്തില്‍ ഇരുന്നൂറോളം പേരാണ് ഉണ്ടാവുക. അതില്‍ ഒന്നോ രണ്ടോ പേര്‍ക്ക് വൈറസ് ബാധയുണ്ടെങ്കില്‍ യാത്രക്കാര്‍ മുഴുവന്‍ പ്രശ്നത്തിലാകും. രാജ്യത്താകെ രോഗവ്യാപനത്തിന് ഇത് ഇടയാക്കിയേക്കും. ഇത് രാജ്യത്താകെ വരുന്ന വിമാനങ്ങള്‍ക്ക് ബാധകമായ കാര്യമാണ്. കേരളത്തില്‍ മാത്രമല്ല, എല്ലായിടങ്ങളിലും രോഗവ്യാപന സാധ്യത ഇത് വര്‍ധിപ്പിക്കും.

കേരളം പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ചിട്ടയോടുകൂടിയ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. എന്നാല്‍, ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളില്‍ ഒരിളവും വരുത്തുന്നത് ശരിയല്ല. അത് അനുവദിക്കാനുമാവില്ല. വിദേശങ്ങളില്‍നിന്ന് ആളുകള്‍ വരുമ്പോള്‍ കോവിഡ് വ്യാപനം തടയുക എന്ന പ്രധാന ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കാന്‍ നമുക്ക് കഴിയില്ല. ലോകം അംഗീകരിച്ച ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്.  അതുകൊണ്ട് പ്രത്യേക വിമാനങ്ങളില്‍ തിരിച്ചെത്തിക്കുന്നവരെ യാത്ര തിരിക്കും മുമ്പുതന്നെ പരിശോധന നടത്തണമെന്ന് കത്തിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

നിലവില്‍ പ്രഖ്യാപിച്ച രീതിയില്‍ വിമാനങ്ങള്‍ വന്നാല്‍ നേരത്തെ പറഞ്ഞതുപോലെ ആരെയും നേരെ വീടുകളിലേക്ക് അയക്കാന്‍ കഴിയില്ല. ചുരുങ്ങിയത് ഏഴു ദിവസം ക്വാറന്‍റൈന്‍ വേണ്ടി വരും. വിമാനയാത്രക്കാര്‍ സര്‍ക്കാര്‍ ഒരുക്കുന്ന ക്വറന്‍റൈനില്‍ കഴിയണം. ഏഴാം ദിവസം പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റിവ് ആയവരെ മാത്രമേ വീടുകളിലേക്ക് അയക്കാനാകൂ. പിസിആര്‍ ടെസ്റ്റിന്‍റെ ഫലം പിറ്റേന്ന് കിട്ടും. പോസിറ്റീവ് ഫലം വന്നാല്‍ ചികിത്സയ്ക്ക് ആശുപത്രികളിലേക്ക് അയക്കും. വീടുകളില്‍ പോകുന്നവര്‍ക്ക് തുടര്‍ന്നും ഒരാഴ്ച ക്വാറന്‍റൈന്‍ വീട്ടില്‍ തുടരേണ്ടി വരും.

നേരത്തേ ഇറ്റലിയില്‍നിന്നും ഇറാനില്‍നിന്നും ആളുകളെ കൊണ്ടുവന്നപ്പോള്‍ ഇന്ത്യന്‍ മെഡിക്കല്‍ സംഘം ആദ്യം അവിടങ്ങളിലെത്തി ടെസ്റ്റ് നടത്തിയിരുന്നു. വിമാനങ്ങളില്‍ അടച്ചിട്ട യാത്രയാണ്. വൈറസ് വ്യാപന സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ പുനഃപരിശോധന വേണമെന്ന് കേന്ദ്ര ഗവണ്‍മെന്‍റിനോട് നാം ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ നേരത്തേയും ആശയവിനിമയം നടത്തിയിരുന്നു.

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്‍റൈനില്‍ കഴിയുമ്പോള്‍ ആന്‍റി ബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. രണ്ടുലക്ഷം ആന്‍റി ബോഡി ടെസ്റ്റ് കിറ്റിന് കേരളം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
കൊച്ചി തുറമുഖം വഴിയും പ്രവാസികളെ കൊണ്ടുവരുന്നുണ്ട്. മാലിദ്വീപില്‍നിന്ന് രണ്ടും യുഎഇയില്‍നിന്ന് ഒന്നും കപ്പലുകള്‍ ഉടന്‍ വരുമെന്നാണ് അറിയുന്നത്. അതിനാല്‍ തുറമുഖത്തും ആവശ്യമായ സജ്ജീകരണം ഒരുക്കും. ഇതുസംബന്ധിച്ച് കൊച്ചി തുറമുഖ ട്രസ്റ്റുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. നാവികസേനാ അധികൃതരുമായി ചീഫ് സെക്രട്ടറി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.

കേന്ദ്രം കൊണ്ടുവരുന്നവരുടെ കൂട്ടത്തില്‍ മറ്റു സംസ്ഥാനക്കാരും ഉണ്ടായേക്കാം. ഉണ്ടെങ്കില്‍  അവരെ ബന്ധപ്പെട്ട സംസ്ഥാനത്തേക്ക് അയക്കും.

വിമാനത്താവളങ്ങളോടനുബന്ധിച്ചുള്ള ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ മാത്രമല്ല വിദേശത്തുനിന്ന് എത്തുന്നവരെ താമസിപ്പിക്കുക. അവരുടെ ജില്ലയിലെ സ്വന്തം പ്രദേശങ്ങള്‍ക്ക് അടുത്തുള്ള ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ ഇതിനായി ഉപയോഗിക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇത്തരം സൗകര്യങ്ങളുള്ള രണ്ടരലക്ഷം കിടക്കകള്‍ക്കുള്ള സൗകര്യം കണ്ടെത്തിയിട്ടുണ്ട്. അതില്‍ 1.63 ലക്ഷം കിടക്കകള്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കാന്‍ പര്യാപ്തമാണ്. ബാക്കിയുള്ളവ പൂര്‍ണ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വികേന്ദ്രീകൃതമായ ക്വാറന്‍റൈന്‍ സംവിധാനമാണ് ഉണ്ടാവുക. ഒഴിഞ്ഞുകിടക്കുന്ന വീടുകളും വേണ്ടി വന്നാല്‍ ക്വാറന്‍റൈനാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

45,000ലധികം പിസിആര്‍ ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനത്തുണ്ട്. കൂടുതല്‍ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്. ഈ മാസം അവസാനിക്കുമ്പോള്‍ ഏതാണ്ട് 60,000 ടെസ്റ്റുകള്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്തയാഴ്ച മുതല്‍ വരുന്ന വിമാനങ്ങളുടെ എണ്ണം വര്‍ധിക്കും. ആഴ്ചയില്‍ 20,000 പേര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. അവരെയെല്ലാം പരിശോധിക്കാനും ക്വാറന്‍റൈന്‍ ചെയ്യാനുമുള്ള ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഇതുവരെ 1,80,540 പേരാണ് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 25,410 പേര്‍ക്ക് പാസ് നല്‍കി. അവരില്‍ 3363 പേര്‍ തിരിച്ചെത്തിയിട്ടുണ്ട്.

രോഗബാധ തീവ്രമായ ചില പ്രദേശങ്ങളുണ്ട്. മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ രോഗികളുടെ എണ്ണവും വ്യാപനവും വര്‍ധിച്ച നിലയിലാണ്. അങ്ങനെ തീവ്ര രോഗബാധയുള്ള പത്ത് ജില്ലകള്‍ കണക്കാക്കിയിട്ടുണ്ട്. അത്തരം ജില്ലകളില്‍ നിന്നോ നഗരങ്ങളില്‍ നിന്നോ വരുന്നവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിലെ റെഡ്സോണ്‍ ജില്ലകളില്‍നിന്നു വരുന്നവര്‍ ഒരാഴ്ച നിര്‍ബന്ധമായും സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്‍റൈനില്‍ കഴിയേണ്ടിവരും. പിന്നീട് വീട്ടിലെത്തി ഏഴുദിവസം ക്വാറന്‍റൈന്‍ തുടരണം. രോഗലക്ഷണം ഉണ്ടെങ്കില്‍ ആശുപത്രിയിലേക്കു മാറണം.

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് അതിര്‍ത്തിയില്‍ എത്തുന്നവര്‍ അവിടെ കുടുങ്ങിക്കിടക്കാന്‍ പാടില്ല. നേരത്തേ തന്നെ നിശ്ചയിച്ചുകൊടുത്ത് സമയത്താണ് അവര്‍ എത്തുന്നത്. പെട്ടെന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കി യാത്ര തുടരാന്‍ കഴിയണം. കാലതാമസം ഒഴിവാക്കണം. അതിര്‍ത്തികളില്‍ നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ഒരു സ്വീകരണ പരിപാടിയും അനുവദിക്കില്ല.

മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള കേരളീയരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തുന്നതിന് ശ്രമിക്കുകയാണ്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളെ വേഗം എത്തിക്കേണ്ടതുണ്ട്. അവരെ ഡല്‍ഹി കേന്ദ്രമാക്കി ട്രെയിന്‍ വഴി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

അന്തര്‍ സംസ്ഥാന യാത്രയ്ക്ക് വാഹനം കിട്ടാനുള്ള പ്രയാസമാണ് പലര്‍ക്കുമുള്ളത്. ആ പ്രശ്നം പരിഹരിക്കാന്‍ സംവിധാനം ആലോചിക്കുന്നുണ്ട്.

ഇതുവരെ 14,896 അതിഥി തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ട്. ഇന്ന് മൂന്ന് ട്രെയിനുകളാണ് യാത്ര തിരിച്ചത്.

പൊലീസ് പാസ്

യാത്രാ പാസുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങള്‍ പറയുന്നുണ്ട്. സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഐഎസ്ആര്‍ഒ, ഐടി മേഖലകളില്‍ ഉള്ളവര്‍, ഡാറ്റാ സെന്‍റര്‍ ജീവനക്കാര്‍ മുതലായവര്‍ മറ്റ് ജില്ലകളിലേക്ക് യാത്രചെയ്യുന്നതിന് പൊലീസ് പാസ് വാങ്ങേണ്ടതില്ല. ഇവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും.
വൈകുന്നേരം ഏഴു മണി മുതല്‍ അടുത്തദിവസം രാവിലെ ഏഴു മണി വരെയുളള യാത്രാനിരോധനവും ഇവര്‍ക്ക് ബാധകല്ല. അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെടാത്തവര്‍ക്കാണ് അത് ബാധകമാകുക. വളരെ അത്യാവശ്യമുളള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ഏഴു വരെ യാത്ര പാടില്ല. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാനാണ് ഈ നിയന്ത്രണം.

അത്യാവശ്യ കാര്യങ്ങള്‍ക്ക് സഞ്ചരിക്കാനാണ് പൊലീസ് പാസ് സംവിധാനം. ഹോട്ട്സ്പോട്ട് മേഖലകളിലേക്ക് പൊലീസ് പാസ് നല്‍കില്ല. എല്ലാ ദിവസവും ജില്ല വിട്ട് പോയിവരുന്നതിനും പാസ് ലഭിക്കില്ല. ജില്ലാന്തര യാത്രകള്‍ക്ക് തടസ്സമില്ല. താമസിക്കുന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍നിന്ന് പാസ് ലഭിക്കും.

സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, പല സാധനങ്ങള്‍ക്കും അമിതവില ഈടാക്കുന്നുണ്ട് എന്നാണ് പരാതി. അത് തടയാന്‍ നടപടിയെടുക്കും. കണ്ടെയ്ന്‍മെന്‍റ് സോണുകളിലൊഴികെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകണം. മുടങ്ങിക്കിടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ അനുവാദം നല്‍കണം. വീട് നിര്‍മാണം അടക്കമുള്ള സ്വകാര്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സവുമുണ്ടാകില്ല. 25 ശതമാനത്തില്‍ താഴെ മാത്രമേ അത്തരം പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ആരംഭിച്ചിട്ടുള്ളൂ.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി അവരെ തെരുവിലിറക്കുന്നതിനെതിരെ ജാഗ്രത തുടരേണ്ടതുണ്ട്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ സ്വന്തം നാട്ടില്‍ പോകാന്‍ കഴിയാതെ അഴീക്കല്‍ തുറമുഖത്ത് അറുപതോളം അന്തര്‍സംസ്ഥാന മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരുടെ സംസ്ഥാനങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ യാത്ര അനുവദിക്കും.

സ്വകാര്യ ഓഫീസുകള്‍ നിബന്ധന വെച്ച് തുറക്കാന്‍ അനുവദിക്കും. കണ്ടെയിന്‍മെന്‍റ് സോണില്‍പ്പെടാത്ത സ്ഥലത്ത് നിശ്ചിത എണ്ണം ആളുകളെ വെച്ച് തുറക്കാനുള്ള അനുമതി നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
വാഹനങ്ങളുടെ കാര്യത്തില്‍ ഒറ്റ, ഇരട്ട നമ്പരുകള്‍ക്ക് മാറി മാറി അനുമതി നല്‍കാനുള്ള തീരുമാനം ഒഴിവാക്കുകയാണ്.

ചെങ്കല്ല് വെട്ടുന്നത് വടക്കന്‍ കേരളത്തിലെ നിര്‍മാണ മേഖലയ്ക്ക് അനിവാര്യമാണ്. അതുകൊണ്ട് ചെങ്കല്‍ വെട്ടുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കുന്നു.

സംസ്ഥാനം വിട്ടുള്ള യാത്രയ്ക്ക് പുറപ്പെടുന്ന സംസ്ഥാനത്തിന്‍റെയും എത്തിച്ചേരുന്ന സംസ്ഥാനത്തിന്‍റെയും പാസ് നിര്‍ബന്ധമാണ്. എന്നാല്‍, അതിനിടയില്‍ വരുന്ന സംസ്ഥാനങ്ങള്‍ പാസ് ചോദിക്കുന്നു എന്ന പ്രശ്നം ഉയര്‍ന്നുവന്നിട്ടുണ്ട്. അത് അപ്രായോഗികമാണ്. ഈ പ്രശ്നം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും.

ഐഎസ്ആര്‍ഒയിലെ ജീവനക്കാര്‍ക്ക് സ്ഥാപനത്തിന്‍റെ ബസുകളില്‍ യാത്ര ചെയ്യാം.

നിയമനം

കോവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്താന്‍ സംസ്ഥാനത്ത് 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലേക്ക് നിയമിക്കും. കേരളത്തിന് പുറത്തുള്ള മലയാളികള്‍ മടങ്ങിയെത്തുന്നതിന് മുമ്പ് ചികിത്സാരംഗം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണിത്. മഴക്കാലം കൂടിയാകുമ്പോള്‍ നിരവധി പേര്‍ക്ക് ഒരേ സമയം ചികിത്സ നല്‍കേണ്ട സാഹചര്യം പോലുമുണ്ടായേക്കാം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കൂടുതല്‍ ശ്രദ്ധ വേണ്ടതുണ്ട്. അതിന് ആശുപത്രികളെ ശക്തിപ്പെടുത്താനാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താല്‍ക്കാലിക നിയമനം നടത്തുന്നത്.

വീഡിയോ കോണ്‍ഫറന്‍സ്
(സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ്)

നമ്മുടെ ആരോഗ്യ സംവിധാനത്തിന്‍റെ മികവില്‍ സ്വകാര്യ ആശുപത്രികള്‍ വഹിക്കുന്ന പങ്ക് വലുതാണ്. കോവിഡ് പ്രതിരോധത്തിലാണ് ഇന്ന് ആരോഗ്യമേഖലയാകെ കേന്ദ്രീകരിച്ചിട്ടുള്ളത്. ഇനിയുള്ള ദിവസങ്ങള്‍ കൂടുതല്‍ വലിയ വെല്ലുവിളികളാണ് ഏറ്റെടുക്കേണ്ടത്. അതില്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണം അനിവാര്യമാണ്. ഇന്ന് സ്വകാര്യ മേഖലയിലെ ആശുപത്രി മാനേജ്മെന്‍റുകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇതിനുള്ള പദ്ധതി ചര്‍ച്ച ചെയ്തു.

രാജ്യത്തിന് പുറത്തുനിന്നും അകത്തുനിന്നും മലയാളികള്‍ വരികയാണ്.  രോഗപ്രതിരോധത്തിന് കൂടുതല്‍ സൗകര്യം വേണ്ടിവരും. സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്. നേരത്തെ തന്നെ പല ആശുപത്രികളും അവരുടെ സൗകര്യം പൊതുകാര്യത്തിനായി വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാരും സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരും ഒരുമിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ശരിയായ ഏകോപനത്തോടെ വികേന്ദ്രീകൃത രീതിയിലാണ് ഇക്കാര്യങ്ങള്‍ മുന്നോട്ടുപോകേണ്ടത്. ഇതിന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ മോണിറ്ററിങ് സംവിധാനം ഉണ്ടാക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് ചേര്‍ന്നുള്ള സംയുക്തനീക്കമാണ് വേണ്ടത്.

പ്രായമായവര്‍, മറ്റു രോഗികള്‍, വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവര്‍ തുടങ്ങിയവരുമായൊക്കെ ഡോക്ടര്‍മാര്‍ക്ക് സംവദിക്കാന്‍ ടെലിമെഡിസിന്‍ സംവിധാനം ഉറപ്പുവരുത്തും. ഈ സംവിധാനത്തിലേയ്ക്ക് വരാന്‍ തയ്യാറാകുന്ന ഡോക്ടര്‍മാരുടെ ലിസ്റ്റ് പഞ്ചായത്തടിസ്ഥാനത്തില്‍ തയ്യാറാക്കും. രോഗിയെ ഡോക്ടര്‍ക്ക് നേരിട്ട് കാണണമെങ്കില്‍ അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. വികേന്ദ്രീകൃതമായ ഈ സംവിധാനം ഫലപ്രദമാക്കാന്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു.

ആവശ്യമായ കിറ്റ്, മരുന്ന്, ജീവനക്കാര്‍ക്കുള്ള പരിശീലനം എന്നിവ സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരും ആ നിലയ്ക്കാണ് ചിന്തിക്കുന്നത്. പിപിഇ കിറ്റ്, മാസ്ക് എന്നിവ കേരളത്തില്‍ തന്നെ നിര്‍മിക്കാന്‍ തുടങ്ങിയതിനാല്‍ ആ പ്രശ്നം പരിഹരിക്കാനാകും.
 
ഓരോ ആശുപത്രിയും രോഗികളുടെ പരിശോധന, കാത്തിരിപ്പ്, രോഗീപരിപാലനം എന്നീ കാര്യങ്ങളില്‍ കൃത്യമായ പ്രോട്ടോകോള്‍ ഉറപ്പാക്കണം. ജീവനക്കാരുടെ പരിശീലനവും ഉറപ്പാക്കണം. എല്ലാ ചികിത്സാ നിരക്കുകളും മിതമായ തോതില്‍ ഏകീകരിക്കണം.

അടുത്ത മൂന്നോ നാലോ മാസത്തെ നിലവച്ച് പ്രതീക്ഷിക്കാവുന്ന അധിക ചികിത്സാഭാരം വച്ച് പിപിഇ കിറ്റ്, എന്‍ 95 മാസ്ക്, ഓക്സിജന്‍ സിലിണ്ടര്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ പരമാവധി കരുതിവെക്കണം. സര്‍ക്കാരിന്‍റ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ സഹകരണമുണ്ടെന്നും ഒപ്പമുണ്ടെന്നും സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: