കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഹോം ഡെലിവറി കോള്‍ സെന്ററില്‍ വളണ്ടിയറായി ജില്ലാ ജഡ്ജും

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്ററില്‍ വളണ്ടിയറായെത്തി ജില്ലാ ജഡ്ജി ടി ഇന്ദിരയും. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ വി പി ശശീന്ദ്രനും ഒപ്പമുണ്ടായിരുന്നു. രാവിലെ കോള്‍ സെന്ററില്‍ എത്തിയ ജില്ലാ ജഡ്ജ് ഏറെ കൗതുകത്തോടെയാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞത്. പിന്നെ ഒട്ടും വൈകാതെ തന്നെ അവശ്യസാധനങ്ങള്‍ക്കായി വിളിക്കുന്നവരുടെ ഫോണുകള്‍ അറ്റന്റ് ചെയ്തു തുടങ്ങി. പുതിയതെരു സ്വദേശി സുനിതയുടേതായിരുന്നു ആദ്യ കോള്‍. അവര്‍ക്കു വേണ്ട മട്ടയരി, ആട്ട, വെല്ലം, പഞ്ചസാര, കടുക് എന്നീ സാധനങ്ങള്‍ ജഡ്ജ് കടലാസ്സില്‍ കുറിച്ചെടുത്തു. സാധനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ വീട്ടില്‍ എത്തിക്കും എന്ന ഉറപ്പോടെ ജഡ്ജി ഫോണ്‍ വെച്ചു.
അല്‍പസമയത്തിന് ശേഷം രണ്ടാമത്തെ കോളും എത്തി. ജില്ലയിലെ ആദ്യ കോവിഡ് ബാധിതനായിരുന്ന ദുബായില്‍ നിന്നെത്തിയ ആളുടേതായിരുന്നു കോള്‍. അസുഖം മാറി ആശുപത്രി വിട്ട് വീട്ടില്‍ കഴിയുകയായിരുന്ന അദ്ദേഹം ബാക്ക് പെയിന്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരുന്നിനായാണ് കോള്‍ സെന്ററുമായി ബന്ധപ്പെട്ടത്. മരുന്ന് കഴിക്കുന്നതിനോടൊപ്പം ഡോക്ടറുടെ സഹായം തേടാനും ജഡ്ജ് നിര്‍ദ്ദേശിച്ചു. നേരിട്ട് ഹോസ്പിറ്റലില്‍ പോകാന്‍ കഴിയാത്തതിനാല്‍ അവരുടെ നമ്പര്‍ ഡിഎംഒയ്ക്ക് കൈമാറിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു.
ഒന്നര മണിക്കൂറിലേറെ നേരമാണ് ജില്ലാ ജഡ്ജി കോള്‍ സെന്ററില്‍ തങ്ങിയത്. മടങ്ങുന്നതിന് മുന്‍പ് ജില്ലാ പഞ്ചായത്തിന്റെ അവസരോചിതമായ ഈ പ്രവര്‍ത്തനത്തെ പ്രശംസിക്കാനും ടി ഇന്ദിര മറന്നില്ല. മനുഷ്യന്റെ ജന്മം പരസ്പരം ഉപകാരം ചെയ്യാനുള്ളതാണ്. യഥാര്‍ത്ഥത്തില്‍ മനുഷ്യ ജന്മത്തില്‍ മാത്രമേ അത് സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെയാണ് മനുഷ്യന്‍ ശ്രേഷ്ഠനാകുന്നത്. വിഷമിക്കുമ്പോള്‍ കണ്ണീരൊപ്പുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. ജനങ്ങള്‍ ഇത്രയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന അവസ്ഥയില്‍ ജില്ലാ പഞ്ചായത്ത് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്നത് അഭിനന്ദനര്‍ഹമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു മഹത്തായ പ്രവര്‍ത്തനത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗമായാണ് താന്‍ കാണുന്നതെന്നും ജില്ലാ ജഡ്ജ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: