വിവാഹം കഴിഞ്ഞു 57 ദിവസം മാത്രം ഒരുമിച്ചു ജീവിച്ച പ്രിയതമനെ അവസാനമായി ഒരുനോക്ക് കാണാനാവില്ല; നാടിന്റെ നൊമ്പരമായി ഇന്നലെ സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ച പാനൂർ സ്വദേശി ഷബ്‌നാസ്

വിവാഹ ശേഷം ഷഹനാസ് ഷബ്‌നാസിനൊപ്പം ജീവിച്ചത് വെറും 57 ദിനങ്ങൾ മാത്രം. മധുവിധുവിന്റെ മധുരം മായും മുൻപ് പ്രവാസ ലോകത്തേക്ക് യാത്രയായ പ്രിയതമന്റെ ചലനമറ്റ മുഖത്ത് അന്ത്യ ചുംബനം നൽകാൻ പോലും ഷഹനാസിന് വിധി അവസരം കൊടുത്തില്ല.
കൊറോണ ബാധിച്ച് സൗദിയിൽ മരിച്ച ഷബ്‌നാസിന്റെ മൃതദേഹം കേരളത്തിലും സൗദിയിലും നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് സംസ്കാരം മദീനയിൽ തന്നെ നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ ഷബ്‌നാസിന്റെയും ഷഹനാസിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം രണ്ട് മാസം ഒരുമിച്ച് ജീവിച്ച് ഷബ്‌നാസ് ജോലിക്കായി സഊദിയിലേക്ക് മടങ്ങി. ഇത് ഇനിയൊരിക്കലും മടക്കമില്ലാത്തയാത്രയാകുമെന്ന് അവര്‍ കരുതിയിരിക്കില്ല. വലിയ ലക്ഷണങ്ങളൊന്നുമില്ലാതെയെത്തിയ കൊവിഡ്- 19 ഷബ്‌നാസിന്റെ ജീവനെടുത്തു. മദീനയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ വച്ചാണ് ഷബ്‌നാസ് കഴിഞ്ഞ ദിവസം മരിച്ചത്. നാട്ടിലേക്ക് മൃതദേഹം എത്തിക്കാനാകില്ല എന്നതിനാല്‍ സഊദിയില്‍ തന്നെ ഖബറടക്കാൻ ഭാര്യ ഷഹനാസ് സമ്മതം നല്‍കുകയായിരുന്നു.

മദീനയിലെ ബ്രോസ്റ്റ് കടയിലെ ജീവനക്കാരനായിരുന്നു ഷബ്‌നാസ്. വർഷങ്ങളായി അവിടെ ജോലി ചെയ്തു വരികയാണ്. വെള്ളിയാഴ്ച വൈകീട്ട് മരണം സംഭവിച്ചുവെങ്കിലും കോവിഡ് ബാധിച്ചാണ് മരണമെന്ന് വീട്ടിൽ അറിയിപ്പ് എത്തിയത് മണിക്കൂറുകൾക്ക് ശേഷമാണ്. രാവിലെ തന്നെ കേരള പോലീസ് സ്‌പെഷ്യൽ ബ്രാഞ്ചുകാർ വീട്ടിലെത്തി മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
കണ്ണൂർ പാനൂർ മുനിസിപ്പാലിറ്റി മേലെപൂക്കോം കുണ്ടില വീട്ടിൽ ബൈത്തുൽ സാറയിൽ മമ്മുവിന്റെയും ഫൗസിയയുടെയും മകനാണ് ഷബ്‌നാസ്(29). ഷഹനാസാണ് ഭാര്യ. ഷബീർ, ഷബാന എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: