മോഷ്ടാവിനെ നാട്ടുകാർ പിടികൂടി

അമ്പലത്തറ: കവര്‍ച്ചാകേസില്‍ മോഷ്ടാക്കളില്‍ ഒരാളെ വനത്തിൽ വെച്ച് നാട്ടുകാര്‍ പിടികൂടിപോലീസിൽ ഏല്പിച്ചു. കൂട്ടുപ്രതി ഓടിരക്ഷപ്പെട്ടു.
തായന്നൂര്‍ കറുകവളപ്പില്‍ അശ്വതി നിവാസിലെ ടി.വി.പ്രഭാകരന്റെ വീട്ടില്‍ നിന്നും നടന്ന കവര്‍ച്ചയുമായി മുന്‍ മോഷ്ടാവിന് ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്ന ബന്തടുക്ക സ്വദേശി മഞ്ജുനാഥനെയാണ് നാട്ടുകാര്‍ കാടുവളഞ്ഞ് പിടികൂടിയത്. മോഷണകേസിലെ ഒന്നാംപ്രതി കാഞ്ഞിരപ്പൊയില്‍ പെരളത്തുവീട്ടില് അശോകന് എന്ന അഭിയാണ് നാട്ടുകാരിൽ നിന്നും തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടത്.. ഫെബ്രുവരി 9 ന് പുലര്‍ച്ചെയാണ് പ്രഭാകരന്റെ വീട്ടില്‍ നിന്നും മൊബൈൽ ഫോണും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നത്. മുന്‍ മോഷണകേസിലെ പ്രതിയായ അശോകനാണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ രാത്രി നാട്ടുകാര്തീയും പുകയും കണ്ട് കാടുവളഞ്ഞത്. മഞ്ജുനാഥനെ പിടികൂടി പോലീസിന് കൈമാറുകയും ചെയ്തു. പ്രഭാകരന്റെ വീട്ടിലെ കവര്‍ച്ചയ്ക്ക് ശേഷം ഇവര്‍ വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. പോവുന്ന സ്ഥലങ്ങളില്‍ നിന്നും ചിലവിനുള്ള പണം മോഷണത്തിലൂടെയാണ് കണ്ടെത്തിയിരുന്നത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴാണ് കാഞ്ഞിരപൊയിലിലെആളുകള് എത്തിചേരാത്ത കറുകവളപ്പിലെ കാട്ടില്‍ ഒളിച്ചുകഴിഞ്ഞത്. ഇവിടെ കിടക്കാനുള്ള ബെഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവര്‍ ഒരുക്കിയിരുന്നു. കാട്ടില്‍ ആരോ കഴിയുന്നുണ്ടെന്ന സംശയത്തെതുടര്ന്നായിരുന്നു നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത്. ഇവിടെ ഒളിവില്‍ കഴിയുന്ന സമയത്തുതന്നെ ചിലവിനായി കറുകവളപ്പിലെ മാധവിയുടെ വീട്ടില്‍ നിന്നും 30,000 രൂപ മോഷ്ടിച്ചിരുന്നു. ഇന്നലെ ഇവിടുത്തെ മോഹനന്റെ വീട്ടില്‍ നിന്നും മൊബൈല്‍ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് നാട്ടുകാര്‍ കാടുവളഞ്ഞത്. വയനാട്ടില്‍ ചിറ്റിക്കറങ്ങിയശേഷം കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ കാട്ടില്‍ ഒളിച്ചുകഴിയുകയായിരുന്നു. കാട്ടില്‍ നിന്നും ഇടക്കിടെ തീയുംപുകയും ഉയരുന്നത് നാട്ടുകാരില്‍ സംശയം ഉണ്ടാക്കിയിരുന്നു. ഇതിനിടയില്‍ സമീപത്തെ വീടുകളില്‍ നിന്നും മോഷണങ്ങളും നടന്നു. കള്ള്, ഇളനീര്, മദ്യം തുടങ്ങിയവയും മോഷണം പോയിരുന്നു.
മോഷണത്തിന് സൂത്രധാരനായ അശോകന് എന്ന അഭിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. പ്രഭാകരന്റെ വീട്ടില്‍ മോഷണം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അശോകനെ തായന്നൂരിലും മറ്റും ചുറ്റിക്കറങ്ങുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.. പ്രഭാകരന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ഫോണുകള്‍ കാസര്‍കോട്ട് വില്‍പ്പന നടത്തിയശേഷമാണ്അശോകനും മഞ്ജുനാഥനും വയനാട്ടിലേക്ക് പോയത്. നാട്ടുകാര്‍ പിടികൂടിയ മഞ്ജുനാഥനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നാട്ടുകാരുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ട അശോകനുവേണ്ടി പോലീസ് തെരച്ചിൽ തുടങ്ങി.