ഇരിട്ടിയിൽ കൃഷിയിടത്തിൽ വൻ അഗ്നിബാധ: മൂന്ന് ഏക്കറോളം കൃഷിയിടം കത്തി നശിച്ചുഇരിട്ടി : ഇരിട്ടിയിൽ താലൂക്ക് ആശുപത്രിക്ക് സമീപം ഉണ്ടായ വൻ അഗ്നിബാധയിൽ മൂന്നു ഏക്കറോളം കൃഷിയിടം കത്തി നശിച്ചു. നാട്ടുകാരും ഇരിട്ടി അഗ്നിശമനസേനയും , സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് രണ്ടു മണിക്കൂറോളം നീണ്ട പ്രവർത്തനത്തിന്റെ ഫലമായാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു ഇരിട്ടി താലൂക്ക് ആശുപത്രിക്ക് സമീപമുള്ള കെ.സി. നിർമ്മല, പി. ശാന്ത എന്നിവരുടെ കൃഷിയിടത്തിൽ അഗ്നിബാധ ശ്രദ്ധയിൽ പെട്ടത്. നിറയെ കശുമാവും , തെങ്ങുകളുമുള്ള കൃഷിയിടത്തിലെ ഉണങ്ങിയ പുല്ലിലാണ് തീപ്പിടുത്തമുണ്ടായത്. സമീപത്തെ കടക്കാരും നാട്ടുകാരും തീ അണക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റിൽ തീ ആളിപ്പടരുകയായിരുന്നു. ഇവിടെ എത്താനുള്ള റോഡിലെ വീതിക്കുറവും കയറ്റവും മറ്റും കാരണം അഗ്നിശമന സേനക്ക് ഇവിടെ എത്തിച്ചേരുക ദുഷ്കരമായിരുന്നു. ഇവർ എത്തുമ്പോഴേക്കും കാറ്റിൽ പടർന്ന തീയിൽ സ്ഥലത്തെ കശുമാവുകളും തെങ്ങുകളും കത്തി നശിച്ചിരുന്നു. എന്നാൽ സമീപ സ്ഥലത്തെ ടവറുകളിലേക്കും , വീടുകളിലേക്കും മറ്റും തീ പടരുന്നത് ഒഴിവാക്കാനായി. കെ.സി. നിർമ്മലയുടെ രണ്ടര ഏക്കറോളം സ്ഥലവും പി. ശാന്തയുടെ അര ഏക്കറോളം സ്ഥലവുമാണ് കത്തി നശിച്ചത്. വിവരമറിഞ്ഞ് ഇരിട്ടി നഗരസഭാ അദ്ധ്യക്ഷ കെ. ശ്രീലത, ഉപാദ്ധ്യക്ഷൻ പി.പി. ഉസ്മാൻ , വാർഡ് കൗൺസിലർ നന്ദനൻ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: