ഇരിട്ടി നഗരത്തെ ഇരുട്ടിലാക്കി സോളാർ ലൈറ്റുകളും ഹൈമറ്റ്സ് ലൈറ്റുകളും കണ്ണടച്ചു – പിന്നിൽ നടന്ന അഴിമതി പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തം

ഇരിട്ടി: ഇരിട്ടി നഗരസഭ സ്ഥാപിച്ച ഹൈമറ്റ്സ് ലൈറ്റുകളും കെ എസ് ടി പി റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളാർ ലൈറ്റുകളും കണ്ണടച്ചതോടെ ഇരിട്ടി നഗരം ഇരുട്ടിലായി. യാതൊരു ഗുണമേന്മയും ഇല്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ച് സ്ഥാപിച്ച ഇത്തരം ലൈറ്റുകൾ സ്ഥാപിച്ചതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിവിധ കോണുകളിൽ നിന്നും ആരോപണമുയരുന്നത്. നിരവധി തവണ ഇതുസംബന്ധിച്ച പരാതികൾ വേണ്ടപ്പെട്ടവർക്ക് നൽകിയിട്ടും ഇവ പ്രവർത്തനക്ഷമമാകാനുള്ള യാതൊരുവിധ നടപടിയും നഗരസഭാ അധികൃതരിൽ നിന്നോ കെ എസ് ടി പി അധികാരികളിൽ നിന്നോ ഉണ്ടാകുന്നില്ലെന്നതും സംശയത്തിനിടയാക്കുകയാണ്.
ഇരിട്ടി പഴയ സ്റ്റാന്റ്, പുതിയ സ്റ്റാൻഡ്, മേലേ സ്റ്റാന്റ്, പയഞ്ചേരി മുക്ക് എന്നിവിടങ്ങളിലാണ് നഗരസഭ ലക്ഷങ്ങൾ മുടക്കി ഹൈമാസ്റ്റസ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇവയെല്ലാം കണ്ണടച്ചിട്ടു മാസങ്ങളായെങ്കിലും നഗരസഭ തിരിഞ്ഞു നോക്കാത്ത അവസ്‌ഥതയാണ്.
തലശ്ശേരി – വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളാർ വഴിവിളക്കുകളുടെ കാര്യത്തിലും ഇതേ അവസ്ഥയാണ്. നവീകരിക്കുന്ന 53 കിലോമീറ്റർ റോഡിൽ 947 ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു ലൈറ്റിന് 95000 രൂപ നിരക്കിൽ 8.99 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്. 30 മീറ്റർ ഇടവിട്ട് പ്രധാന ടൗണുകളിലും കവലകളിലുമാണ് ലൈറ്റുകൾ സ്ഥാപിച്ചത് . കളറോഡ് മുതൽ വളവുപാറ വരെ വരുന്ന റീച്ചിലെ ലൈറ്റുകളിൽ ഇവ സ്ഥാപിച്ച് ഏതാനും ചില മാസങ്ങൾ മാത്രം പിന്നിടുമ്പോൾ എഴുപത് ശതമാനവും കണ്ണടച്ച് കഴിഞ്ഞു. വാഹനംദിച്ചും മറ്റും തകർന്ന ചില ലൈറ്റുകൾ ആരും തിരിഞ്ഞു നോക്കാതെ മാസങ്ങളായി നിലംപൊത്തി കിടക്കുകയാണ്. ഒരു ഗുണമേന്മയുമില്ലാത്തെ ബാറ്ററികളും , ലൈറ്റുകളും , സോളാർ പാനലുകളുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം. സ്ഥാപിച്ച് ആറുമാസം തികയുമ്പോഴേക്കും ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു തൂണുകൾ പലതും തുരുമ്പെടുത്ത നിലയിലാണ്. ഒരു ലൈറ്റിന് 95000 രൂപ വരുമെന്നാണ് ഔദ്യോഗിക കണക്കെങ്കിലും ഇതിന്റെ പാതിപോലും ഇവക്ക് വില വരില്ലെന്നാണ് ആരോപണം. ഇവയിൽ സ്ഥാപിച്ച് അടുത്ത ദിവസം തന്നെ പ്രവർത്തന രഹിതമായവയും നിരവധിയാണ്. കൂടാതെ ഇരിട്ടി പാലം കവലയിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകളുടെ അവസ്ഥയും ഏറെ പരിതാപകരമാണ്. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും സിഗ്നൽ സംവിധാനം തകരാറിലാക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇരിട്ടി പാലത്തിൽ സ്ഥാപിച്ച പതിനെട്ടു സോളാർ ലൈറ്റുകളിൽ ആറെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത് . ബാക്കി 12 എണ്ണവും കണ്ണടച്ച് കഴിഞ്ഞു. കെ എസ് ടി പി റോഡ് നവീകരണത്തിന്റെ മറവിൽ നടന്ന ഒരു വലിയ തട്ടിപ്പാണ് സോളാർ ലൈറ്റുകളുടെ കാര്യത്തിലും സിഗ്നൽ സംവിധാനത്തിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളതെന്നും സമഗ്രമായ അന്വേഷണത്തിലൂടെ ഇതിലെ അഴിമതി പുറത്തുകൊണ്ടുവരണമെന്നും വിവിധ കോണുകളിൽ നിന്നും ആവശ്യമുയരുകയാണ്. ഇരിട്ടി നഗരസഭ സ്ഥാപിച്ച ഹൈമാറ്റ്സ് ലൈറ്റുകളുടെ കാര്യത്തിലും ഇതേ അന്വേഷണം വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: