ബി ജെ പി ചൂട്ടുകത്തിച്ച് പ്രതിഷേധിച്ചു

ഇരിട്ടി : ഇരിട്ടി നഗരത്തിൽ നഗരസഭാ സ്ഥാപിച്ച ഹൈമാസ്റ്റസ് ലൈറ്റുകളും കെ എസ് ടി പി സ്ഥാപിച്ച സോളാർ വിളക്കുകളും മാസങ്ങളായി പ്രവർത്തനരഹിതമായി കിടന്നിട്ടും തിരിഞ്ഞു നോക്കാത്ത അധികൃതരുടെ നടപടിയിൽ ബി ജെ പി ഇരിട്ടി ഏരിയാ കമ്മിറ്റി ചൂട്ടുകത്തിച്ച് പ്രതിഷേധിച്ചു . ഇരിട്ടി നഗരസഭയും കെ എസ് ടി പി യും ഇതിനു പിന്നിൽ വൻ അഴിമതി നടത്തിയതായി പ്രതിഷേധം ഉദ്‌ഘാടനം ചെയ്ത ബി ജെ പി ഇരിട്ടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സത്യൻ കൊമ്മേരി പറഞ്ഞു. ഗുണമേന്മയില്ലാത്ത വസ്തുക്കളും ഉപകരണങ്ങളുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്നും അതുകൊണ്ടാണ് ഇവ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ കഴിയാത്തതെന്നും ഇതിനു പിന്നിൽ നടന്ന അഴിമതി സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരിട്ടി ഏരിയാ ഉപാദ്ധ്യക്ഷൻ എം. ശ്രീരാജ് അദ്ധ്യക്ഷത വഹിച്ചു. ഒ ബി സി മോർച്ച ജില്ലാ സെക്രട്ടറി പി.വി. അജയകുമാർ, മണ്ഡലം ജന:സെക്രട്ടറി പ്രിജേഷ് അളോറ, നേതാക്കളായ എം.കെ. സന്തോഷ്, വി.എം. പ്രശോഭ്, പി. ജിനേഷ്, സജിത്ത് അളോറ, വിവേക് കീഴൂർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.