‘വീആർ കണ്ണൂർ’: അഴിമതി അറിയിക്കാൻ ഓൺലൈൻ സംവിധാനവുമായി ജില്ലാ ഭരണകൂടം

അഴിമതി ശ്രദ്ധയിൽ പെട്ടാൽ വിവരം സധൈര്യം കലക്ടറെ അറിയിക്കാൻ ഓൺലൈൻ സംവിധാനം ആരംഭിച്ചു. ഇ- ഗവേണൻസ് സുഗമമാക്കാൻ ജില്ലാ ഭരണകൂടം തയാറാക്കിയ ‘വീആർ കണ്ണൂർ’ മൊബൈൽ ആപ്പിലാണ് അഴിമതി അലർട്ട് സൗകര്യം ഒരുക്കിയത്.  അഴിമതി അലർട്ടിന്റെയും, സർക്കാർ ഓഫീസുകളിലേക്ക് ആവശ്യമായ അപേക്ഷ ഫോറങ്ങൾ ഓൺലൈൻ ലഭിക്കുന്ന ഇ-ആപ്ലിക്കേഷൻ  പ്രഖ്യാപനവും പി കെ ശ്രീമതി എം പി നിർവഹിച്ചു. 

പ്രവർത്തിക്കുന്ന മേഖലകളിൽ സാധാരണക്കാർക്ക് സാങ്കേതികവിദ്യയുടെ സൗകര്യം മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള സാധ്യതകളുടെ വിസ്‌ഫോടനം കണ്ണൂരിൽ നടക്കുന്നതായും ഇ-ഗവേണൻസുമായി ബന്ധപ്പെട്ട് കണ്ണൂരിന് ലഭിച്ച അംഗീകാരങ്ങൾ അഭിമാനാർഹമാണെന്നും പി കെ ശ്രീമതി ടീച്ചർ എം പി പറഞ്ഞു. രണ്ട് വർഷം കൊണ്ട് ജില്ലയിലെ ഓഫീസുകൾ കടലാസ് മുക്തമാക്കാൻ പറ്റണം. ആധുനിക സാങ്കേതികവിദ്യയുടെ വേഗത സർക്കാർ ഓഫീസുകളിൽ പ്രാവർത്തികമാക്കാൻ കഴിയണമെന്നും അവർ പറഞ്ഞു.

ജില്ലയിലെ ഏതു സർക്കാർ സ്ഥാപനവുമായി ബന്ധപ്പെട്ട പരാതിയും വീ ആർ കണ്ണൂർ ആപ് വഴി അയക്കാം. കലക്ടർക്കാണ് പരാതി ലഭിക്കുക.  അയക്കുന്നവരുടെ വിവരങ്ങളും കലക്ടർക്കു മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. പരാതി പരിശോധിച്ചു ബന്ധപ്പെട്ട വകുപ്പുകൾക്ക് നടപടി സ്വീകരിക്കുന്നതിന്  കലക്ടർ നിർദ്ദേശം നൽകും. പൊതുജനങ്ങൾക്ക് ജില്ലയിലെ സർക്കാർ ഓഫിസുകളുടെ പ്രവർത്തനത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താനുള്ള റേറ്റ് ആൻഡ് റിവ്യൂ സൗകര്യം നേരത്തെ തന്നെ വീആർ കണ്ണൂർ ആപ്പിൽ ഏർപ്പെടുത്തിയിരുന്നു. മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ഓഫിസുകൾക്ക് അഭിനന്ദനങ്ങളും, ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്ന ഓഫിസുകൾക്ക് വിമർശനവുമെല്ലാം ആപ്ലിക്കേഷൻ വഴി ലഭിക്കുന്നുണ്ട്. രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ എല്ലാവർക്കും വായിക്കാനും സാധിക്കും. നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് വീ ആർ കണ്ണൂർ മൊബൈൽ ആപ്പ് തയാറാക്കിയത്. 

ചടങ്ങിൽ ബെസ്റ്റ് ഇ-ഗവേണൻസ് ജില്ലയ്ക്കുള്ള  അവാർഡ് കണ്ണൂരിന് ലഭിക്കുന്നതിന് പ്രയത്‌നിച്ച ഉദ്യോഗസ്ഥർ, വളണ്ടിയർമാർ, അധ്യാപകർ, വ്യക്തികൾ തുടങ്ങിയവർക്കുള്ള അനുമോദന പത്രം പി കെ ശ്രീമതി വിതരണം ചെയ്തു. 

സംസ്ഥാന സർക്കാരിന്റെ എട്ട് ഇ-ഗവേണൻസ് പുരസ്‌കാരങ്ങളിൽ അഞ്ചെണ്ണമാണ് കണ്ണൂർ ജില്ല നേടിയത്. ജില്ലയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിന് ജില്ലാ ഇ ഗവേണൻസ് സൊസൈറ്റിയുമായി ചേർന്ന് ജില്ലാ ഭരണകൂടം നടപ്പിലാക്കിയ മാപ്പ് മൈ ഹോം കണ്ണൂർ, എം ഗവേണൻസ്, ലോക്കൽ ലാംഗ്വേജ് ആന്റ് കണ്ടന്റ് ഡെവലപ്മെന്റ് വിഭാഗം, ബെസ്റ്റ് വെബ്സൈറ്റ്, സോഷ്യൽ മീഡിയ ആന്റ് ഇ ഗവേണൻസ്, ജില്ലാ കലക്ടറുടെ CollectorKNR എന്ന ഫെയ്സ് ബുക്ക് പേജ്, സാമൂഹികമാധ്യമവും ഇ-ഗവേണൻസും എന്ന വിഭാഗത്തിലും സ്‌കൂളുകളിൽ പ്ലാസ്റ്റിക് ശേഖരണത്തിനായി ജില്ലാ ഭരണകൂടം തയ്യാറാക്കിയ കലക്ടർ@സ്‌കൂൾ എന്നീ പദ്ധതികൾക്കാണ് അവാർഡ് ലഭിച്ചത്.  ജില്ലയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച ജില്ലാ കലക്ടർ മീർ മുഹമ്മദലിയെ പി കെ ശ്രീമതി എം പി പൊന്നാടയണിയിച്ച് ആദരിച്ചു. 

ജില്ലാ പഞ്ചാത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. കലക്ടർ ആപ്ലിക്കേഷനെക്കുറിച്ച് വിശദീച്ചു. തലശ്ശേരി സബ് കലക്ടർ ആസിഫ് കെ യൂസഫ്, അസിസ്റ്റന്റ് കലക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ  ഇൻഫർമാറ്റിക്‌സ് ഓഫീസർ ആൻഡ്രൂസ് വർഗീസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ,  ശിരസ്തദാർ പി പി അശോകൻ, ഐ ടി മിഷൻ പ്രൊജക്ട് മാനേജർ സി എം മിഥുൻ കൃഷ്ണൻ എന്നിവർ പങ്കെടുത്തു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: