ഉംറ വിസക്ക് ഇനി നേരിട്ട് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

ഉംറ വിസക്ക് നേരിട്ട് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സേവനം സൗദി ഹജ്ജ് – ഉംറ മന്ത്രാലയം ആരംഭിച്ചു. തീര്‍ഥാടകര്‍ക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് ഉംറ വിസ ലഭ്യമാക്കാനാണ് പദ്ധതി. ഹജ്ജ് – ഉംറ തീര്‍ഥാടകര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കിവരുന്ന മഖാം പോര്‍ട്ടല്‍ വഴിയാണ് പുതിയ സേവനങ്ങള്‍. സൌദിയുടെ നേരിട്ടുള്ള ഉംറ സര്‍വീസ് ഏജന്‍സികളില്ലാത്ത 157 രാജ്യങ്ങള്‍ക്ക് തീരുമാനം നേട്ടമാകും.

തീര്‍ഥാടനത്തിന്റെ ഭാഗമായ മക്ക, മദീന നഗരങ്ങളിലെ താമസം, ഗതാഗതം എന്നീ അനുബന്ധ സേവനങ്ങളും യാത്രക്ക് മുന്നോടിയായി ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുക്കാം. പുതിയ മാറ്റമനുസരിച്ച് ഉംറ വിസക്ക് അപേക്ഷിക്കാന്‍ ഇടനിലക്കാരുടെ ആവശ്യമില്ല. മറിച്ച് വിവിധ ഉംറ കമ്പനികളുടെ വ്യത്യസ്ത നിലവാരത്തിലുള്ള പാക്കേജുകളില്‍ ഒന്ന് തെരഞ്ഞെടുത്താല്‍ മതി. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും എംബസിയുടെ സഹായമില്ലാതെ നേരിട്ട് ഇലക്ട്രോണിക് വിസ ഇതോടെ ലഭ്യമാകും. ഇങ്ങനെ എത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉംറ കമ്പനികള്‍ നല്‍കുന്നുണ്ടോ എന്ന് മന്ത്രാലയം നിരീക്ഷിക്കും. ഉംറ തീര്‍ഥാടന നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ മഖാം പോര്‍ട്ടല്‍ വഴി സേവനം ലഭ്യമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: