പക്ഷിപ്പനിക്കെതിരേ ജാഗ്രത പാലിക്കണം: ഡിഎംഒ


സംസ്ഥാനത്ത് ചിലയിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
പക്ഷിപ്പനി എന്നറിയപ്പെടുന്ന ഏവിയൻ ഇൻഫ്ലുവൻസ ഒരു വൈറസ് രോഗമാണ്. ഇത് ഇൻഫ്ലുവൻസ എ വൈറസ് സബ് ടൈപ്പ് എച്ച്5എൻ8 മൂലമാണ് ഉണ്ടാകുന്നത്. സാധാരണയായി പക്ഷികളിലാണ് രോഗം കണ്ടുവരുന്നതെങ്കിലും ചില സാഹചര്യങ്ങളിൽ മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതിനാൽ പക്ഷികളുമായി ഇടപെടുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. വളർത്തു പക്ഷികളിലും ദേശാടനപ്പക്ഷികൾ ഉൾപ്പെടെയുള്ള മറ്റു പക്ഷികളിലും ഈ വൈറസ് ബാധ ഉണ്ടായേക്കാം. രോഗം ബാധിച്ച പക്ഷികളുടെ ഉമിനീർ, ശരീര സ്രവങ്ങൾ, കാഷ്ടം എന്നിവയിലുള്ള വൈറസുകൾ ഇവയുമായുള്ള സമ്പർക്കത്തിലൂടെ മനുഷ്യരിലേക്ക് പകർന്ന് രോഗം ഉണ്ടാകുകയാണ് ചെയ്യുന്നത്. സാധാരണയായി കൈകളിൽ നിന്ന് കണ്ണ്, മൂക്ക്, വായ എന്നിവ സ്പർശിക്കുന്നതിലൂടെ രോഗാണു അകത്തേക്ക് പ്രവേശിക്കുകയും രോഗസംക്രമണം നടക്കുകയുമാണ് ചെയ്യുന്നത്. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, കണ്ണുകളുടെ ചുവപ്പ്, ശ്വാസതടസ്സം, വയറിളക്കം, ഓക്കാനം, ഛർദ്ദി എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവർ, പ്രായം കൂടിയവർ , രോഗപ്രതിരോധശേഷി കുറഞ്ഞവർ, ഗർഭിണികൾ എന്നിവരിൽ പക്ഷിപ്പനി അപകടസാധ്യത വർധിപ്പിക്കും. രോഗം ഗുരുതരമായാൽ ശ്വാസകോശ അണുബാധയ്ക്കും ന്യൂമോണിയയ്ക്കും കാരണമായേക്കും. ശ്വസന വ്യവസ്ഥയ്ക്കും രക്തചംക്രമണ വ്യവസ്ഥയ്ക്കും ഗുരുതരമായ തകരാറുകൾ സംഭവിക്കുന്ന സാഹചര്യങ്ങളിൽ മരണം വരെ സംഭവിക്കാനിടയുണ്ട്. അതിനാൽ
പക്ഷികളുമായി അടുത്തിടപഴകുന്നവർ, പൗൾട്രി കർഷകർ, ഫാം തൊഴിലാളികൾ എന്നിവർ പക്ഷിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണം. പക്ഷികളുടെ മാംസം, മുട്ട എന്നിവ കൈകാര്യം ചെയ്തുകഴിഞ്ഞാൽ കൈകൾ അരമിനിട്ട് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. മാംസം, മുട്ട എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. മാംസം മുറിക്കാൻ ഉപയോഗിക്കുന്ന കത്തി, പലക എന്നിവ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് അണുവിമുക്തമാക്കി വെക്കുക.
മാംസവും മുട്ടയും പാചകം ചെയ്ത ഉടനെ കഴിക്കുക. വളർത്തുപക്ഷികൾക്ക് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ശ്രദ്ധയിൽ പെടുകയോ അസ്വാഭാവികമായി ചാവുകയോ ചെയ്താൽ അടുത്തുള്ള മൃഗഡോക്ടറേയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കണം.
രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: