ദുരന്തനിവാരണം: സ്‌കൂള്‍തലം മുതല്‍ പരിശീലനം  നല്‍കണമെന്ന് ഡോ. മുരളി തുമ്മാരുകുടി

ദുരന്തമുണ്ടായാല്‍ എടുക്കേണ്ട മുന്‍ കരുതലുകളെക്കുറിച്ച് സ്‌കൂള്‍തലം മുതല്‍ പരിശീലനം നല്‍കണമെന്ന് ഐക്യരാഷ്ട്രസംഘടന ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ. മുരളി തുമ്മാരുകുടി. കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ജീവനത്തിന്റെ ഭാഗമായി പ്രകൃതിദുരന്തവും അതിജീവനവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

വ്യക്തിജീവിതത്തില്‍ ദുരന്തനിവാരണത്തിനായി എന്ത് മുന്‍കരുതലാണ് നമ്മള്‍ എടുത്തിരിക്കുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. മറ്റുള്ളവര്‍ക്ക് അപകടം സംഭവിക്കുമ്പോള്‍ നമ്മള്‍ സുരക്ഷിതരാണ് എന്ന് കരുതിയിരുന്ന മലയാളികള്‍ക്കുള്ള മറുപടിയായിരുന്നു ഓഖി, നിപ്പ,  വെള്ളപ്പൊക്കം എന്നിവ. പ്രകൃതിദുരന്തം എല്ലാവരെയും ബാധിക്കാം എന്ന് കേരളീയര്‍ മനസിലാക്കിയത് അപ്പോഴാണ്. നമ്മള്‍ മാത്രമല്ല നമുക്ക് ചുറ്റുമുള്ള വ്യക്തികളില്‍ കൂടി ദുരന്തനിവാരണ പ്രക്രിയയെക്കുറിച്ച് അവബോധം വളര്‍ത്തിയെടുക്കണമെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.  തുടര്‍ന്ന് കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം, ലോകത്തിലെ മാറുന്ന തൊഴില്‍ രംഗം തുടങ്ങിയ വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു. 

വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുക, പ്രാദേശിക ജൈവികത നിലനിര്‍ത്തുക തുടങ്ങിയ ലക്ഷ്യത്തോടെ കേരള പരിസ്ഥിതി ശാസ്ത്രകൗണ്‍സില്‍, ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവയുടെ സഹകരണത്തോടെയാണ് കല്ല്യാശ്ശേരി മണ്ഡലത്തില്‍ ജീവനം പദ്ധതി നടപ്പിലാക്കുന്നത്. പ്രളയാനന്തര കേരളത്തിന്റെ നിര്‍മിതിക്കും കരുതലിനും ഊന്നല്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പ്രകൃതി ദുരന്തവും അതിജീവനവും സെമിനാര്‍ നടത്തിയത്. 

മണ്ഡലത്തിലെ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പരിയാരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍, മാടായി ജില്ലാ സയന്‍സ് ക്ലമ്പ് കോ ഓര്‍ഡിനേറ്റിംഗ് അംഗങ്ങള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. പയ്യന്നൂര്‍ കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജയചന്ദ്രന്‍ കീഴോത്ത്, കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിരാമന്‍, കണ്ണൂര്‍ യൂനിവേഴ്സിറ്റി സ്റ്റുഡന്റ് ഡീന്‍ പത്മനാഭന്‍ കാവുമ്പായി, സിന്‍ഡിക്കേറ്റ് അംഗം എ നിശാന്ത്, ഡോ. രാജേന്ദ്രപ്രസാദ്, മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ രാമചന്ദ്രന്‍, സ്റ്റാഫ് അഡൈ്വസര്‍ വി കെ നിഷ, ഡോ. വി എ സന്തോഷ്, ഡോ. വി ആര്‍ സ്വരന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അതുല്‍ മാധവന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: