പോളിംഗ് ദിന പരാതികള്‍ അറിയിക്കാന്‍  കോള്‍ സെന്റര്‍ സജ്ജമാക്കും: കണ്ണൂർ ജില്ലാ കലക്ടര്‍

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ദിനത്തിലുണ്ടാവാനിടയുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് കലക്ടറേറ്റില്‍ പ്രത്യേക കോള്‍ സെന്റര്‍ സജ്ജീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ഥികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പെന്ന സവിശേഷത ഇത്തണവയുണ്ട്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം. ഗൃഹസന്ദര്‍ശന വേളകളില്‍ പ്രായമായവരോട് പോലും മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ സംസാരിക്കുന്ന ദ്യശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ഡിസംബര്‍ അഞ്ച് മുതല്‍ ഡിസംബര്‍ 13ന് വൈകിട്ട് മൂന്ന് മണി വരെ കൊവിഡ് പോസിറ്റീവാകുന്നവരും ക്വാറന്റൈനിലാകുന്നവരും സ്‌പെഷ്യല്‍ ബാലറ്റ് പേപ്പറുകളിലൂടെയാണ് വോട്ട് രേഖപ്പെടുത്തുകയെന്നതാണ് മറ്റൊരു പ്രധാന കാര്യം. ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ എത്തിക്കുന്നതിന് പോളിംഗ് ഉദ്യോഗസ്ഥരും പോലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന 116 ടീമുകള്‍ക്ക് ജില്ലയില്‍ രൂപം നല്‍കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമായും സുതാര്യമായും നിര്‍വഹിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയില്‍ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 
വോട്ടിംഗിന്റെ തലേന്ന് മൂന്നു മണിക്കു ശേഷം കൊവിഡ് പോസിറ്റീവാകുന്നവരും ക്വാറന്റൈനിലാകുന്നവരും പോളിംഗ് ബൂത്തില്‍ ചെന്നാണ് വോട്ട് ചെയ്യുക. വൈകിട്ട് അഞ്ചിനും ആറിനുമിടയിലുള്ള സമയത്ത് ഇവര്‍ ബൂത്തുകളിലെത്തണം. മറ്റ് വോട്ടര്‍മാര്‍ മുഴുവന്‍ വോട്ട് ചെയ്ത് കഴിഞ്ഞ ശേഷമാവും ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കുക. ഈ സമയത്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 
ജില്ലയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരം 785 ഇടങ്ങളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍പ്പെടാത്ത ഏതെങ്കിലും ബൂത്തില്‍ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും ആവശ്യമെങ്കില്‍ സ്വന്തം ചെലവില്‍ വീഡിയോഗ്രഫി ചെയ്യുന്നതിന് സംവിധാനമൊരുക്കും. 3700 രൂപയാണ് ഇതിന് ചെലവ് വരിക. ഇത് ആവശ്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിന് വൈകിട്ട് നാലു മണിക്കു മുമ്പായി കലക്ടറേറ്റില്‍ അപേക്ഷ നല്‍കണം. 
തെരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് നടത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. എഡിഎം ഇ പി മേഴ്‌സി, അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: