‘മറക്കില്ല ആ വാടാമലരുകളെ’ ; പെരുമണ്ണ് ദുരന്തത്തിന് 11 വയസ്സ്

സ്‌ക്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ മേല്‍ ഓടി കൊണ്ടിരിക്കുകയായിരുന്ന ജീപ്പ് പാഞ്ഞുകയറി സഹപാഠികളായ പത്ത് കുരുന്നുകള്‍ മരണപ്പെട്ട പെരുമണ്ണ ് സംഭവത്തിന് ഇന്ന് പതിനൊന്നു വര്ഷം തികയുകയാണ്..2008 ഡിസംബര്‍ 4ന് വൈകുന്നേരം 4 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ഇരിക്കൂര്‍ പെരുമണ്ണ് നാരായണ വിലാസം സ്‌കൂളില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളാണ് അതിവേഗത്തില്‍ നിയന്ത്രണം വിട്ടുവന്ന ജീപ്പിടിച്ച് മരിച്ചത്. പെരുമണ്ണിലെ കുമ്പത്തി ഹൗസില്‍ രമേശ് ബാബു-റീജ ദമ്പതികളുടെ മക്കളായ അഖിന, അനുശ്രീ, കൃഷ്ണാലയത്തില്‍ കുട്ടന്‍-സുഗന്ധി ദമ്പതികളുടെ മകള്‍ നന്ദന, ഇബ്രാഹിം-സറീന ദമ്പതികളുടെ മകള്‍ റിംഷാന, രാമപുരം വീട്ടില്‍ രാമകൃഷ്ണന്‍-രജനി ദമ്പതികളുടെ മകള്‍ മിഥുന, ബാറുകുന്നുമ്മല്‍ ഹൗസില്‍ വിജയന്‍-ശാലിനി ദമ്പതികളുടെ മകന്‍ വൈഷ്ണവ്, മോഹനന്‍-സരസ്വതി ദമ്പതികളുടെ മകള്‍ സോന, കുമ്പത്തി ഹൗസില്‍ നാരായണന്‍-ഇന്ദിര ദമ്പതികളുടെ മകള്‍ കാവ്യ, ചിറ്റയില്‍ ഹൗസില്‍ സുരേന്ദ്രന്‍-ഷീബ ദമ്പതികളുടെ മകള്‍ സാന്ദ്ര എന്നിവരായിരുന്നു അപകടത്തിനിരയായത്. അപകടത്തില്‍ 11 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതില്‍ പല വിദ്യാര്‍ത്ഥികളും ഇന്നും അപകടത്തിലേറ്റ പരിക്കിന്റെ ദുരിതം പേറി ജീവിക്കുന്നുണ്ട്. കുരുന്നുകളുടെ ഓര്‍മ്മക്കായി വിദ്യാര്‍ത്ഥികളുടെ മൃതദേഹം സംസ്‌കരിച്ച ഇരിക്കൂര്‍ പെരുമണ്ണില്‍ സ്മൃതി മണ്ഡപം നിര്‍മ്മിച്ചിട്ടുണ്ട്. 10 പിഞ്ചു വിദ്യാര്‍ത്ഥികളില്‍ ഒമ്പതു പേരെയും സംസ്‌കരിച്ച ചെങ്ങള വീട്ടില്‍ കൃഷ്ണവാര്യര്‍ എന്ന നാട്ടുകാരന്‍ തികച്ചും സൗജന്യമായി നല്‍കിയ സ്ഥലത്ത് 20 ലക്ഷം രൂപ ചെലവിലാണ് സ്മാരകം പണിതിട്ടുളളത്. 5 ലക്ഷം രൂപ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയതല്ലാതെ മറ്റൊരു നീതിയും പിഞ്ചോമനകള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. പെരുമണ്ണ് ദുരന്ത ദുരിതാശ്വാസ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെയും രക്ഷാകര്‍ത്താക്കളുടെയും നേതൃത്വത്തിലായിരുന്നു സ്മാരക നിര്‍മ്മാണം.അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരെ പോലും നടപടിയെടുക്കാഞ്ഞതും സംഭവം നടന്നയുടന്‍ അറസ്റ്റിലായ ഇയാള്‍ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ പോലീസിന്റെ കുറ്റകരമായ അനാസ്ഥ കാരണം ജയില്‍ മോചിതനായതും ഏറേ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.ദുരന്തത്തിന്റെ അടയാളവും പേറി മൂന്നുപേർ ജീവിതത്തിലേക്ക് നീന്തിക്കയറിയത് ഏറെക്കാലത്തിനുശേഷം. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ‌്ജി പി എൻ വിനോദ് പ്രതിയെ ശിക്ഷിച്ചത്‌.മലപ്പുറം കോട്ടൂർ മണപ്പാട്ടിൽ ഹൗസിൽ എം അബ്ദുൽ കബീറിനെ (46) കോടതി നൂറ്‌ വർഷം തടവും പത്ത്‌ ലക്ഷം രൂപ പിഴയും വിധിച്ചു. വൈകിയാണേലും നീതി പീഠത്തിന്റെ വിധിയിൽ ആശ്വാസപ്പെടുകയാണ്‌ രക്ഷിതാക്കൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: