ഗൗതം ഗംഭീർ വിരമിച്ചു:അടുത്ത രഞ്ജി മത്സരം അവസാനത്തേത്

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ  ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിച്ചു. ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2016ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗംഭീർ അവസാന രാജ്യാന്തര മൽസരം കളിച്ചത്.

ഏകദിന, ട്വന്റി20 ലോകകപ്പുകൾ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.ഈ ടൂർണമെന്റുകളിൽ ഇന്ത്യയുടെ നട്ടെല്ലായത് ഗംഭീറിന്റെ പ്രകടനമായിരുന്നു. രണ്ട് വർഷക്കാലമായി ദേശീയ ടീമിലേക്കു മടങ്ങിയെത്താൻ സാധിക്കാതിരുന്നതോടെയാണ് വിരമിക്കൽ പ്രഖ്യാപനമെത്തിയത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പ്ലേയർ ഓഫ് ഇയർ പുരസ്കാരം നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ ഡൽഹിക്കായുള്ള മൽ‌സരത്തിലായിരിക്കും ഗംഭീർ അവസാനമായി കളിക്കുക.

പ്രയാസമേറിയ തീരുമാനമാണ് എടുക്കുന്നത്. ആന്ധ്രയ്ക്കെതിരായ രഞ്ജി ട്രോഫി മൽസരമാണ് അവസാനമായി കളിക്കുന്നത്. ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയത്തിൽ തുടങ്ങിയത് അവിടെവച്ചു തന്നെ അവസാനിക്കുന്നു. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ എല്ലായ്പ്പോഴും സമയത്തിന് പ്രാധാന്യം നൽകുന്നു. ഇതാണ് ശരിയായ സമയം– ഗംഭീർ വ്യക്തമാക്കി.

ടെസ്റ്റിൽ 4154 റൺസ് ഗംഭീർ‌ നേടിയിട്ടുണ്ട്. 9 സെഞ്ചുറിയും 22 അർധ സെഞ്ചുറിയും ഉൾപ്പെടെയാണിത്. 147 ഏകദിന മൽസരങ്ങളിൽനിന്നായി 5238 റൺസും നേടിയിട്ടുണ്ട്. ട്വന്റി20യിൽ 37 രാജ്യാന്തര മൽസരങ്ങളും താരം കളിച്ചു.

സമൂഹമാധ്യമത്തിലൂടെയാണ് ഗംഭീർ വിരമിക്കുന്ന കാര്യം ആരാധകരെ അറിയിച്ചത്. അടുത്ത വർഷം നടക്കുന്ന ഐപിഎല്ലിലും ഗംഭീർ ഉണ്ടാകില്ല. 2012ലും 2014ലും കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലെ ഐപിഎൽ‌ കിരീടത്തിലേക്കു നയിച്ചത് ഗംഭീറാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: