പായം ഗ്രാമ പഞ്ചായത്തിന് സ്വപ്‌ന സാക്ഷാത്കാരം;  ഡിജിറ്റല്‍ ലൈബ്രറി യാഥാര്‍ത്ഥ്യമാകുന്നു

പായം ഗ്രാമ പഞ്ചായത്തിന്റെ ഏറെ നാളത്തെ പ്രയത്‌നത്തിന്റെയും കാത്തിരിപ്പിന്റെയും ഫലമായ ഡിജിറ്റല്‍ ലൈബ്രറി യാഥാര്‍ത്ഥ്യമാകുന്നു. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ലൈബ്രറിയാണ് പായത്ത് ഒരുങ്ങുന്നത്. സാങ്കേതിക വിദ്യയുടെ ഗുണഫലം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ലൈബ്രറിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്.

മൂന്ന് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് ലൈബ്രറിയുടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് പഞ്ചായത്തിന്റെ പദ്ധതി. ലോകബാങ്ക് സഹായമായ 30 ലക്ഷം ഉള്‍പ്പെടെ 45 ലക്ഷം രൂപ ചിലവഴിച്ചാണ് ഡിജിറ്റല്‍ ലൈബ്രറി ഒരുക്കുന്നത്. രണ്ട് നിലകളിലായി പ്രവര്‍ത്തനമാരംഭിക്കുന്ന ലൈബ്രറിയുടെ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായി. പാര്‍ക്കിംഗ് സൗകര്യമുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 15 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ക്കാണ് ടെണ്ടര്‍ ചെയ്തിരിക്കുന്നത്.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ ലോക ബാങ്കിന്റെ അവസാന ഗഡുവായ 30 ലക്ഷത്തോളം രൂപ ലഭിച്ചതിനെത്തുടര്‍ന്നാണ് ഡിജിറ്റല്‍ ലൈബ്രറി ആന്റ് റീഡിംഗ് റൂം എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. ലൈബ്രറികള്‍ ഉണ്ടെങ്കിലും പഞ്ചായത്തിന് സ്വന്തമായി ഒരു ലൈബ്രറി ഇതുവരെ ഉണ്ടായിരുന്നില്ല. എല്ലാ ആധുനിക സൗകര്യങ്ങളോടെയും ഒരുങ്ങുന്ന ഡിജിറ്റല്‍ ലൈബ്രറിയില്‍ വിപുലമായ ഗ്രന്ഥശാലയും ഒരുക്കുന്നുണ്ട്.

കുട്ടികളില്‍ കുറഞ്ഞു വരുന്ന വായനാശീലം അവര്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തന്നെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശവും പദ്ധതിക്കുണ്ട്. പായം പഞ്ചായത്ത് ഓഫീസിന് സമീപത്ത് തന്നെയാണ് ലൈബ്രറിയും നിര്‍മ്മിക്കുന്നത്. പൊതുജനങ്ങള്‍ക്കും, സ്‌കൂള്‍ കുട്ടികള്‍ക്കും, ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ ഉപയോഗപ്രദമാകുന്ന രീതിയിലാവും ലൈബ്രറിയുടെ പ്രവര്‍ത്തനം.

പഞ്ചായത്തിന് അകത്തും പുറത്തുമുള്ള സാധാരണക്കാര്‍ക്കും അധ്യാപകര്‍ക്കും ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഇന്നത്തെ ആധുനിക സംവിധാനത്തില്‍ ലഭ്യമാകുന്ന വിവര സാങ്കേതിക വിദ്യ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ അശോകന്‍ പറഞ്ഞു. ലൈബ്രറിയില്‍ ക്ലാസുകളും സെമിനാറുകളും കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രദര്‍ശനങ്ങളും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: