പറശിനിക്കടവിലെ ലോഡ്ജില്‍ 16 കാരിയെ കട്ടിലില്‍ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍

പറശിനിക്കടവിലെ ലോഡ്ജില്‍ മൂന്നുപേര്‍ ചേര്‍ന്ന് 16 കാരിയെ കട്ടിലില്‍ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രിതന്നെ വിവരങ്ങള്‍ ലഭിച്ചത്പ്രകാരം ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രധാന പ്രതികളായ സന്ദീപും ഷംസുവും പിടിയിലായത്. കൂട്ടുപ്രതിയേയും ഒത്താശചെയ്ത സ്ത്രീയേയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്ന് സൂചന. കണ്ണൂരിലെ ഒരു സ്‌കൂളില്‍ 10-ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീ പ്രലോഭിപ്പിച്ച് മൂന്ന്‌പേര്‍ക്ക് കാഴ്ച്ചവെച്ചതെന്നാണ് പരാതി.

കഴിഞ്ഞ നവംബര്‍ 13 ന് പുതിയതെരുവില്‍ വെച്ച് ഈ സ്ത്രീയും ഒരു യുവാവും ചേര്‍ന്ന് പെണ്‍കുട്ടിയെ കാറില്‍ കയറ്റി പറശിനിക്കടവിലെ ഒരു ലോഡ്ജില്‍ 401-ാം നമ്പര്‍ മുറിയിലെത്തിക്കുകയും അവിടെ വെച്ച് യുവാവ് ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് ഫേസ്ബുക്ക് വഴി ചാറ്റ്‌ചെയ്തതിന്റെ വീഡിയോ എല്ലാവര്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 19 ന് വീണ്ടും ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്യുകയും പിന്നീട് ഒത്താശചെയ്ത സ്ത്രീയും യുവാവും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കട്ടിലില്‍ കെട്ടിയിട്ടശേഷം, ഇവര്‍ റൂമിലേക്ക് വിളിച്ചുവരുത്തിയ മറ്റ് രണ്ടുപേര്‍ ചേര്‍ന്ന് മാറിമാറി ബലാല്‍സംഗം ചെയ്തുവെന്നുമാണ് പരാതി.

കണ്ണൂര്‍ വനിതാ സി ഐക്ക് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്നത് തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ തളിപ്പറമ്പിലേക്ക് റഫര്‍ ചെയ്തത് പ്രകാരം ഇന്നലെ രാത്രിതന്നെ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലീസ് ഇന്നലെ രാത്രി തന്നെ രണ്ട് പ്രതികളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒത്താശക്കാരിയായ യുവതിയും കസ്റ്റഡിയിലാണെന്ന് സൂചനയുണ്ടെങ്കിലും പോലീസ് സ്ഥീരീകരിക്കുന്നില്ല.

പ്രതികള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍ക്കും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കണ്ടതിനെതുടര്‍ന്ന് സഹോദരനും അമ്മയും ചോദ്യംചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്. ഇതേതുടര്‍ന്നാണ് കണ്ണൂര്‍ വനിതാസെല്‍ സിഐക്ക് പരാതി നല്‍കിയത്. ഇന്നലെ വൈകുന്നേരം കേസ് തളിപ്പറമ്പ് സ്റ്റേഷനിലേക്ക് മാറ്റിയ വിവരം അറിഞ്ഞയുടന്‍തന്നെ ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് പ്രതികളെ കുടുക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: