ഗൗരവ വായന വർധിച്ചിട്ടുണ്ട്: എം മുകുന്ദൻ

പഴയ കാലത്തെ അപേക്ഷിച്ച് വായനക്കാരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും വായനയുടെ ഗൗരവം വർധിച്ചിട്ടുണ്ടെന്ന് പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ. കണ്ണൂർ മഹാത്മ മന്ദിരത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരംപോക്കിന് വേണ്ടി പുസ്തകം വായിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്. താൽപര്യമുള്ള വിഷയങ്ങൾ തെരഞ്ഞെടുത്ത് വളരെ ഗൗരവത്തോടെ വായിക്കുന്നതാണ് ഇന്ന് കണ്ടുവരുന്നത്.

വായനയുടെ ഭൂമിശാസ്ത്രം മാറിയിട്ടുണ്ട്. കഥയും കവിതയും മാത്രമല്ല എല്ലാ വിഷയങ്ങളും ഇന്ന് വായിക്കപ്പെടുന്നു. നമ്മുടെ ജീവിതം സാങ്കേതിക വിദ്യയുടെ സൃഷ്ടിയായി മാറുകയാണ്. നോക്കുന്നിടത്തെല്ലാം യന്ത്രങ്ങളാണ്. പ്രണയവും സ്‌നേഹവുമൊന്നുമില്ലാതെ നമ്മളും യന്ത്രങ്ങളെപ്പോലെ ആകുന്നത് തടയാനുള്ള ഏക വഴി സർഗാത്മക വായനയാണ്.

മനുഷ്യന്റെ ശരീരത്തിൽ വരെ യന്ത്രങ്ങൾ സ്ഥാനം പിടിക്കുന്ന കാലത്ത് കഥകളും കവിതകളും നോവലുകളുമെല്ലാം വായിക്കപ്പെടേണ്ടതുണ്ട്. ഇന്ന് കൂടുതൽപേരും ഓൺലൈനായാണ് പുസ്തകങ്ങൾ വായിക്കുന്നത്. എവിടെ നിന്ന് എങ്ങനെ വായിക്കുന്നു എന്നതല്ല, പുസ്തകം വായിക്കുന്നുവെന്നതിനാണ് പ്രാധാന്യം. എഴുത്തച്ഛൻ പുരസ്‌കാരം വായനക്കാർക്ക് സമർപ്പിക്കുന്നതായും മുകുന്ദൻ പറഞ്ഞു.

എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച എം മുകുന്ദനെ ചടങ്ങിൽ ആദരിച്ചു. ‘എം മുകുന്ദന്റെ സർഗവിചാരങ്ങൾ’ എന്ന വിഷയത്തിൽ ഇ പി രാജഗോപാലൻ പ്രഭാഷണം നടത്തി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എം വി വിഷ്ണു നമ്പൂതിരിയുടെ ‘ചിമ്മാനക്കളി’, ആർ വീണാറാണിയുടെ ‘കാർഷിക പ്രശ്‌നോത്തരി’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. കഥാകൃത്ത് ശിഹാബുദീൻ പൊയ്ത്തുംകടവ്, സംസ്ഥാന കർഷക മിത്ര അവാർഡ് ജേതാവ് കെ പി ശ്രീധരൻ നമ്പൂതിരി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി കാർത്തികേയൻ നായർ,  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ എൻ ജയകൃഷ്ണൻ, എഡിറ്റോറിയൽ അസിസ്റ്റന്റ് എം പി ബീന, വി ബി ഷിബിത്ത് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: