ഇനി ഒറ്റമുറി വാടക വീട്ടിലല്ല, നിധീഷിന് കതിരൂര്‍ പഞ്ചായത്ത് വീടൊരുക്കുന്നു

0

കതിരൂര്‍ സ്വദേശി നിധീഷിന്റെ ജീവിതം ഇനി കണ്ണൂര്‍ നഗരത്തിലെ ഒറ്റമുറി വാടക വീട്ടിലല്ല. പെണ്ണുടലിലെ പുരുഷ മനസുമായി ജനിച്ച ഈ 24കാരന്റെ വീടെന്ന സ്വപ്നം യാഥാര്‍ത്യമാക്കുകയാണ് കതിരൂര്‍ ഗ്രമപഞ്ചായത്ത്. പറാംകുന്നില്‍ നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ നവംബര്‍ ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിക്കും.
നിദു എന്ന പെണ്‍കുട്ടിയായാണ് നിധീഷിന്റെ ജനനം. സ്വത്വം തിരിച്ചറിഞ്ഞ് പുരുഷനായി ജീവിക്കാന്‍ തീരുമാനിച്ചതോടെ അമ്മയൊഴികെ എല്ലാവരും ഒറ്റപ്പെടുത്തി. ഇതോടെ വീട് വിട്ടിറങ്ങി ഹോര്‍മോണ്‍ ചികിത്സയിലൂടെ പൂര്‍ണമായും പുരുഷനായി. നിധീഷെന്ന പേരും സ്വീകരിച്ചു. ഇപ്പോള്‍ കണ്ണൂരിലെ ഒറ്റമുറി വാടക വീട്ടിലാണ് താമസം. ഇതിനിടെ വീടിനായി കതിരൂര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി. പഞ്ചായത്ത് മൂന്ന് ലക്ഷവും ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപയും മാറ്റിവെച്ചാണ് ലൈഫ് മാതൃകയില്‍ വീട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 2022-23 വാര്‍ഷിക പദ്ധതിയിലെ ലൈഫ് ഭവന ഗുണഭോക്താക്കള്‍ക്ക് നല്‍കിയതിന് ശേഷമുള്ള അധിക വിഹിതം ഉപയോഗിച്ചാണ് വീട് നിര്‍മ്മിക്കുക. ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍ സാമ്പത്തികമായും സാമൂഹികമായും പ്രയാസപ്പെടുന്നവര്‍ക്ക് ഭവനം നിര്‍മ്മിച്ച് നല്‍കാമെന്ന സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശവും നിലവിലുണ്ട്. നിതീഷിന് സ്വന്തം നാട്ടില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കുന്നെും സാമൂഹികമായി ഒറ്റപ്പെട്ടവര്‍ക്ക് ഇത്തരം പദ്ധതികള്‍ കരുത്തേകുമെന്നും കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സനില്‍ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമായ നിതീഷ് വീട് പണി പൂര്‍ത്തിയായാല്‍ അവിടെ അമ്മയോടൊപ്പം താമസിക്കാനാണ് ആഗ്രഹിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d