ശബരിമല മണ്ഡലപൂജ-മകരവിളക്ക്: എക്‌സൈസ് വകുപ്പ് മുന്നൊരുക്കങ്ങളേര്‍പ്പെടുത്തി; മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ത്ഥാടനകാലം നവംബര്‍ 12 മുതല്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ ഉത്പാദനവും വിതരണവും ഉപഭോഗവും തടയുന്നതിനായി എക്‌സൈസ് വകുപ്പ് വിപുലമായ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയതായി എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
നവംബര്‍ 12 മുതല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം, എന്നിവിടങ്ങളില്‍ താത്കാലിക റേഞ്ച് ഓഫീസുകള്‍ ആരംഭിക്കുവാന്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഉത്സവകാലത്ത് മദ്യവും മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും നിര്‍മിക്കുന്നതും കൈമാറ്റം ചെയ്യുന്നതും ഉപയോഗിക്കുന്നതും തടയുന്നതിനായി വിവിധ ജില്ലകളില്‍ നിന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ പുതിയ റേഞ്ചുകളിലേക്ക് വിന്യസിക്കും. അവര്‍ക്കായിരിക്കും താത്കാലിക റേഞ്ചുകളുടെ ചുമതലയെന്ന് മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് മൂന്ന് റേഞ്ചുകളുടെ മേല്‍നോട്ട ചുമതലയും പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ക്ക് റേഞ്ചുകളുടെ മൊത്തം ചുമതലയും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മൂന്ന് റേഞ്ചുകളെയും സെക്ടറുകളായി തിരിച്ച് ഉദ്യോഗസ്ഥരെ വിന്യസിക്കുവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പമ്പ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ദക്ഷിണ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണറെ ഈ ക്രമീകരണങ്ങളുടെയെല്ലാം പൂര്‍ണ മേല്‍നോട്ടം വഹിക്കുവാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: