സിബിഐയെ തടയാനുള്ള സർക്കാർ തീരുമാനം ദൗര്‍ഭാഗ്യകരം;രമേശ് ചെന്നിത്തല

കണ്ണൂര്‍: കേരളത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെ തടയാനുള്ള സർക്കാർ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മടിയിൽ കനമുള്ളവനെ ഭയക്കേണ്ടതുള്ളുവെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മടിയില്‍ കനമുള്ളത് കൊണ്ടാണോ കേന്ദ്ര ഏജന്‍സിയെ വിലക്കിയതെന്ന് അദ്ദേഹം ചോദിച്ചു.

യുഡിഎഫ് കണ്ണൂര്‍ ജില്ലാ നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

എന്തോ ഒളിച്ചു വെക്കാനുള്ളത് കൊണ്ടാണ് അന്വേഷണ ഏജന്‍സിയെ മുഖ്യമന്ത്രി ഭയക്കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയെ സമീപിച്ച മുഖ്യമന്ത്രി അന്വേഷണം മുഖ്യമന്ത്രിയുടെ നേരെ തിരിഞ്ഞതോടെയാണ് കേന്ദ്ര ഏജന്‍സിയെ പഴിചാരിയും രാഷ്ട്രീയ പ്രേരിതമെന്നും പറഞ്ഞ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു,

സര്‍ക്കാര്‍ വിദേശ കമ്പനികള്‍ക്ക് വഴിവിട്ട് കാര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും നടപടിയെടുക്കുകയോ സംസ്ഥാന പോലീസിനെ കൊണ്ട് അന്വേഷണം നടത്താന്‍ പോലും തയ്യാറാകാത്തവര്‍ കേന്ദ്രം അന്വേഷിക്കുമ്പോള്‍ എന്തിനാണ് തടസ്സവാദം ഉന്നയിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. മയക്ക് മരുന്ന് കേസില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ കുടുങ്ങിയപ്പോള്‍ പ്രതികരിക്കാതെ അനങ്ങാതിരുന്ന മുഖ്യമന്ത്രിമയക്ക് മരുന്ന് കച്ചവടത്തിന് കൂട്ട് നില്‍ക്കുകയായിരുന്നു.സ്വര്‍ണക്കള്ളക്കടത്ത് രാജ്യദ്രോഹ കുറ്റം, ഡോളര്‍ക്കടത്ത്, ലൈഫ് മിഷന്‍ തട്ടിപ്പ് തുടങ്ങി ഒട്ടേറെ ക്രമവിരുദ്ധ ഇടപാടിനെ കുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങിയപ്പോള്‍ തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ഭീരുത്വമാണെന്നും ചെന്നിത്തല പറഞ്ഞു.

ഗുരുതരമായ അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനവും ചെയ്തത് കൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണത്തെ ഭയപ്പെടുന്നത്.തങ്ങള്‍ എന്ത് തോന്നിവാസവും കാണിക്കും അതിനെ ആരും ചോദ്യം ചെയ്യണ്ടന്ന ദാര്‍ഷ്ട്യമാണ് മുഖ്യമന്ത്രിക്ക്. ആരോപണങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് പൊതുജനം മനസിലാക്കിയതോടെ ആരോപണം ഉന്നയിച്ചവരെ കേസില്‍ കുടുക്കുവാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. പി ടി തോമസ് എംഎല്‍എ, കെ എം ഷാജി എംഎല്‍എ, വി ഡി സതീശന്‍, താനുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചാലൊന്നും നിങ്ങളുടെ മേല്‍വീണിട്ടുള്ള കറ മാറില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: