ആകാശവാണി അനൗൺസർ അശോക് കുമാർ വിരമിക്കുന്നു

9 / 100

കണ്ണൂർ: മലബാറിലെ ആദ്യത്തെ ആകാശവാണി എഫ്.എം നിലയമായ കണ്ണൂർ നിലയത്തിൽ നിന്ന് പതിനാറ് വർഷത്തെ ഔദ്യോഗിക സേവനത്തിനുശേഷം മുതിർന്ന അവതാരകനും ഗായകനുമായ അശോക് കുമാർ സ്വയംവിരമിക്കുന്നു. വിവിധ നിലയങ്ങളിലായി മുപ്പത്തിനാല് വർഷത്തെ സർവ്വീസുള്ള ഇദ്ദേഹം തിരുവനന്തപുരം ആകാശവാണിയിൽ 1986 ലാണ് ജോലിയിൽ പ്രവേശിക്കുന്നത്.വാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിലും കോഴിക്കോട് ആകാശവാണിയിലും വിവിധ പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.ആകാശവാണിയിലെ തലമുതിർന്ന പ്രക്ഷേപകർക്കൊപ്പം വളരെ ചെറുപ്പത്തിൽത്തന്നെ പ്രവർത്തിക്കാനായി. കേരളത്തിലെത്തന്നെ സീനിയർ ഗ്രേഡിലുള്ള അനൗൺസറാണ് ഇദ്ദേഹം.കാസർകോട് ജില്ലയിലെ ചെറുവത്തൂർ സ്വദേശിയാണ്.തത്സമയമുള്ള ചലച്ചിത്രഗാനാധിഷ്ഠിത പരിപാടികളാണ് ഒടുവിൽ അവതരിപ്പിച്ചുവന്നത്.മധുരം ഗീതം എന്ന പേരിൽ ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് തത്സമയം അവതരിപ്പിച്ചതാണ് അവസാനമായി ചെയ്ത പ്രോഗ്രാം.നിലയത്തിലെ ഗാംഭീര്യമുള്ള ശബ്ദമവും വ്യത്യസ്തതയാർന്ന അവതരണവുമായതിനാൽ കണ്ണൂർ നിലയത്തിൽ സ്ഥലംമാറ്റം വാങ്ങിയെത്തിയ ആദ്യനാളുകളിൽത്തന്നെ നിരവധി ആരാധകരുണ്ടായി.രണ്ടായിരങ്ങളുടെ തുടക്കത്തിലാണ് കണ്ണൂരിലെത്തുന്നത്.തുടക്കത്തിൽ പകൽ സമയങ്ങളിലും രാത്രിനേരങ്ങളിലുമായി ഒട്ടനവധി ഹിറ്റ് പരിപാടികൾ സ്ക്രിപ്റ്റെഴുതി അവതരിപ്പിച്ചിരുന്നു.നിലയത്തിലെ ജനപ്രീതിയുള്ള ലൈവ് പരിപാടികളിലൊന്നായ ഹലോ പ്രിയഗീതം ഫോൺ ഇൻ പ്രോഗ്രാമിൽ ഈയടുത്തകാലത്ത് വരെ അവതാരകനായിരുന്നിട്ടുണ്ട്. ഓരോ പാട്ടിന്റെയും പിന്നണിവിശേഷങ്ങൾ ശ്രോതാക്കളറിഞ്ഞത് ഈ അവതാരകനിലൂടെയായിരുന്നു.ഗാനങ്ങളിൽ അവഗാഹമുള്ളവരെയും പാട്ട് പാടാൻ അഭിരുചിയുള്ളവരെയും കണ്ടെത്താനും തന്റെ പരിപാടികളിൽ പങ്കെടുപ്പിക്കാനും അതിലൂടെ അവർക്ക് പ്രോത്സാഹനം നൽകാനും പ്രത്യേകം ശ്രദ്ധവച്ചിരുന്നു.

കായികരംഗം പോലുള്ള പരിപാടികൾക്കും ആദ്യകാലത്ത് നേതൃത്വം നൽകിയിട്ടുണ്ട്.

സമീപകാലത്ത് ആകാശവാണിയുടെ ശ്രോതാക്കളിൽ വൻവർദ്ധനവുണ്ടായിട്ടുണ്ട്.ഈ വരുന്ന പത്തിന് കണ്ണൂർ ആകാശവാണിയിലെ സഹപ്രവർത്തകർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന് ഉചിതമായ യാത്രയയപ്പ് നൽകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: