എ ബി സി പദ്ധതി നടപ്പാക്കുന്നത് തുടരാൻ കുടുംബശ്രീയെ അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടും; മന്ത്രി എം ബി രാജേഷ് 

0

എ ബി സി പദ്ധതി നടപ്പാക്കുന്നത് തുടരാൻ കുടുംബശ്രീയെ അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പടിയൂർ ഗ്രാമപഞ്ചായത്തിലെ ഊരത്തൂരിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച ‘എനിമൽബർത്ത് കൺട്രോൾ അഥവാ എ ബി സി കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളർത്ത് പട്ടികൾക്ക് രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാക്കും. പട്ടിയേയും ഉടമയേയും തിരിച്ചറിയുന്നതിനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കും. തെരുവ് പട്ടി ശല്യം നിയന്ത്രിക്കാൻ ജനകീയവും കൂട്ടായതുമായ ഇടപെടലുകൾ വേണം. വാക്സിനേഷനും എബിസിയുമാണ് അതിനുള്ള മാർഗ്ഗം. അതിന് മൃഗസ്നേഹികളുടെ പിന്തുണ വേണം. തെരുവ് പട്ടികളെ കൊന്നൊടുക്കുന്നവരെ കർശനമായി നേരിടും. അവർക്ക് പ്രത്യേക അജണ്ടയുണ്ട്. സംസ്ഥാനത്തെ ഇകഴ്ത്തി കാട്ടാനാണ് അവർ ശ്രമിക്കുന്നത്. വളർത്ത് പട്ടികളെ ഉപേക്ഷിക്കാൻ അനുവദിക്കില്ല. തെരുവ് പട്ടികളുടെ വംശവർദ്ധനവ് തടയുക, വാക്സിനേഷൻ തുടരുക, ഷെൽട്ടർ സംവിധാനം ഏർപ്പെടുത്തുക എന്നിവയാണ് പട്ടി ശല്യം നിയന്ത്രക്കാനുള്ള മാർഗ്ഗങ്ങൾ. ഷെൽട്ടറിനെതിരെ പലയിടങ്ങളിലും പ്രതിഷേധമുയർന്നുണ്ട്. ഇത് അവസാനിപ്പിക്കണം. ഇതിന് ജനങ്ങളുടെ പിന്തുണ വേണം- മന്ത്രി എം ബി രാജേഷ് പറഞ്ഞു.

അന്തരിച്ച മുൻ മന്ത്രി കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചാണ് പരിപാടി ആരംഭിച്ചത്. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറുന്നതിൽ നിഷ്കർഷത പുലർത്തിയ ഭരണാധികാരിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നും അതിനോട് നീതി പുലർത്തുകയെന്നതാണ് ഇന്നിൻ്റെ കടമയെന്നും മന്ത്രി രാജേഷ് അഭിപ്രായപ്പെട്ടു.

സമൂഹത്തിൽ മാരക വിപത്തായി മാറികൊണ്ടിരിക്കുന്ന ലഹരിമരുന്നുപയോഗത്തിനെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ എല്ലാവരും അണിനിരക്കണമെന്നും മന്ത്രി എം ബി രാജേഷ് അഭ്യർത്ഥിച്ചു. ലഹരികുറ്റവാളികളെ കുറ്റവാളികളായും ഇരകളെ ഇരകളായും കാണുന്ന സമീപനമാണ് സർക്കാരിൻ്റേതെന്നും കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ജാഗരൂക കരാകണമെന്നും അദ്ദേഹം പറഞ്ഞു.

കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, വി കെ സുരേഷ് ബാബു, അഡ്വ. കെ കെ രത്നകുമാരി, അഡ്വ. ടി സരള, ജില്ലാ പഞ്ചായത്തംഗം എൻ പി ശ്രീധരൻ, പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി ഷംസുദീൻ, ഗ്രാമപഞ്ചായത്തംഗം രാജി രവീന്ദ്രൻ, മൃഗ സംരക്ഷണ ഡെപ്യൂട്ടി ഡയരക്ടർ ഡോ. ബി അജിത്ത് ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ചുമതലയുള്ള ഇ എൻ സതീഷ് ബാബു എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: