‘ഇന്ത്യയിലേക്ക് ഓസ്കാറ് കൊണ്ടുവരുന്നത് ഈ സിനിമ’; ഗംഭീര അഭിപ്രായവുമായി ജല്ലിക്കട്ട് യാത്ര തുടങ്ങി

ജല്ലിക്കട്ട്. കഴിഞ്ഞ കുറച്ചായി സിനിമാ ചർച്ചകളിൽ പലപ്പോഴായി കടന്നു വന്ന ഒരു പേര്. ലിജോ ജോസ് പെല്ലിശ്ശേരിയെന്ന ക്രാഫ്റ്റ്സ്മാൻ ഒരു പോത്തിനെ അഴിച്ചു വിട്ട് ഗിരീഷ് ഗംഗാധരനോട് ക്യാമറ പിടിച്ച് കൂടെയോടാൻ പറഞ്ഞതു മുതൽ ജല്ലിക്കട്ട് പ്രതീക്ഷകൾ നിറയ്ക്കുകയാണ്. സിനിമ കണ്ട് ടൊറൻ്റോ ഫിലിം ഫെസ്റ്റിവലിലെ കാണികൾ ലിജോയെ മാസ്റ്റർ ഓഫ് കേയോസ് എന്നു വിളിച്ചതു മുതൽ കേരളത്തിലെ സിനിമാ ലോകവും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പിനാണ് ഇന്ന് അറുതിയായത്.

‘ഇന്ത്യയിലേക്ക് ഓസ്കാറ് കൊണ്ടുവരുന്നത് ഈ സിനിമയാണ്.’ ടൊറൻ്റോയിലെ ഷോയ്ക്കു ശേഷവും, ടീസറിനും ട്രെയിലറിനും ശേഷവും ജല്ലിക്കെട്ടിനെപ്പറ്റി പലയിടങ്ങളിൽ നിന്നുയർന്ന പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നു. ഇന്നത്തെ ആദ്യ ഷോ കഴിയുമ്പോൾ അതൊക്കെ ശരിവെക്കുന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. രക്തം ഉറഞ്ഞു പോകുന്ന കലാപങ്ങളും മനുഷ്യൻ ഫലത്തിൽ മൃഗമാണെന്ന പൊളിറ്റിക്കൽ ചർച്ചയും പരസ്പരം കെട്ടുപിണഞ്ഞ് പോകുന്ന അപൂർവ കാഴ്ച. അഭിനേതാക്കൾ മുതൽ സംവിധാനവും ക്യാമറയും സംഗീത സംവിധാനവും എഡിറ്റും ആർട്ടും മേക്കപ്പും സൗണ്ട് ഡിസൈനും വരെ ഗംഭീരമാകുന്ന സിനിമാ അനുഭവം എന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ.

ഒന്നു കണ്ടവർ വീണ്ടും ഒന്നു കൂടി ടിക്കറ്റെടുക്കുകയാണ്. സിനിമ കണ്ടിറങ്ങുമ്പോൾ കിട്ടുന്ന അനുഭവത്തിൽ നിന്ന് പുറത്തു കടക്കാനാഗ്രഹമില്ലെന്നാണ് അവർ പറയുന്നത്. സിനിമ പറയുന്ന ശക്തമായ രാഷ്ട്രീയം ചിലപ്പോഴെങ്കിലും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടാവില്ലെന്നും അതുകൊണ്ട് തന്നെ ഒന്നു കൂടി കാണണമെന്നും മറ്റു ചിലർ പറയുന്നു.
എന്തായാലും ലിജോ മനുഷ്യരിലേക്ക് തുറന്നു വിട്ട പോത്ത് കുറച്ചു കാലം തീയറ്ററിൽ ഉണ്ടാവും. വീണ്ടും കുറേക്കാലം കൂടി മനുഷ്യരുടെ മനസ്സിലും ഇന്ത്യൻ സിനിമയുടെ ചരിത്രം നിലനിൽക്കുന്നിടത്തോളം ഒരു അടയാളപ്പെടുത്തലായും ജല്ലിക്കട്ട് തീർച്ചയായും ഉണ്ടാവും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: