തീപ്പിടിത്തമുണ്ടായ പാപ്പിനിശ്ശേരി ആസ്പത്രി ഇന്നുമുതൽ സാധാരണനിലയിലാകും

പാപ്പിനിശ്ശേരി: വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലം ബുധനാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ വെള്ളിയാഴ്ച രാവിലെ മുതൽ പ്രവർത്തനം സാധാരണനിലയിലാകും. തീപ്പിടിത്തത്തിൽ ആസ്പത്രി ഫാർമസിയിലെ ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് നശിച്ചത്. കൂടാതെ ഫാർമസി അടക്കമുള്ള വൈദ്യുതീകരണവും കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളും പൂർണമായി കത്തിനശിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ ഒ.പി. പ്രവർത്തനം നടത്തിയെങ്കിലും നശിക്കാത്ത സ്റ്റോക്കുള്ള മരുന്നുകൾ ഏതാനും മണിക്കൂർ മാത്രമാണ് നൽകാനായത്. സ്റ്റോക്ക് തീർന്നതിനാൽ 11 മണിക്കുശേഷം എത്തിയ രോഗികൾക്ക് മരുന്ന് നൽകാൻ സാധിച്ചില്ല. വ്യാഴാഴ്ച വൈകുന്നേരത്തോടെ പുതിയ സ്റ്റോക്ക് എത്തുമെന്ന് ആസ്പത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഷാഹിന ഭായ് പറഞ്ഞു.
ഒ.പി.യിൽ 700-ഒാളം രോഗികളാണ് എത്താറുള്ളത്. വ്യാഴാഴ്ച 400 പേർ മാത്രമാണ് എത്തിയത്. എത്തിയ ഭൂരിഭാഗത്തിനും മരുന്ന് സ്റ്റോക്കില്ലാത്തതിനാൽ നൽകാൻ സാധിച്ചില്ല.തീപ്പിടിത്തത്തിനിടയിൽ പുറത്ത് സുരക്ഷിത സ്ഥാനങ്ങളിൽ മാറ്റിയ മരുന്നുകൾ ഒഴിച്ച് ബാക്കിയുള്ളവ ഉപയോഗശൂന്യമാണെന്ന് കണ്ണൂർ ഡ്രഗ് ഇൻസ്പെക്ടർ പി.എം.സന്തോഷ് പറഞ്ഞു. ജില്ലാ സ്റ്റോർ മാനേജർ പി.സജീവൻ, സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ സി.എ. അനിത എന്നിവർ ചേർന്ന് നശിച്ച മരുന്നുകൾ തിട്ടപ്പെടുത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായിക് ഉൾപ്പെടെയുള്ളവർ ആസ്പത്രി സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.
കിടത്തിച്ചികിത്സിക്കുന്ന വാർഡുകളുടെ പ്രവർത്തനം ഏതാനും ദിവസത്തിനകം സാധാരണനിലയിലാകുമെന്നും അധികൃതർ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: