മഹാത്മ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവ കേന്ദ്ര ക്ലബ്ബുകളെ ആദരിച്ചു

കണ്ണൂര്‍: മഹാത്മ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍  മൂന്നുമാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഗാന്ധി @ 150- അയല്‍പക്ക യൂത്ത് പാര്‍ലമെന്റ് കണ്ണൂരില്‍ നടന്നു.

വെല്ലുവിളികള്‍ക്ക് കാത്തുനില്‍ക്കാതെ സ്വജീവിതത്തില്‍ വെല്ലുവിളികള്‍ക്ക് സാധ്യതയാരാഞ്ഞ് ഓരോരുത്തര്‍ക്കും സ്വയം നവീകരിക്കാന്‍ സാധിക്കണമെന്ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ മീർ മുഹമ്മദലി ഐ എ എസ് യുവജന ക്ലബ്ബ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത അഫിലിയേറ്റഡ് ക്ലബ്ബുകളെ സർട്ടിഫിക്കറ്റുകള്‍ നൽകി ആദരിച്ചു.നേരത്തെ കലക്ട്രേറ്റില്‍ നിന്ന് ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങള്‍ പായ്ക്ക് ചെയ്ത് അയക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ വിവിധ യൂത്ത് ക്ലബ്ബുകളാണ് ഏറ്റെടുത്ത് നടത്തിയത്.ദുരിതകാലത്ത് ജില്ലയില്‍ നിന്നുള്ള യൂത്ത് വോളന്റിയര്‍മാര്‍ വയനാട്ടിലേക്കുള്‍പ്പെടെ സഹായവുമായെത്തിയിരുന്നു.

യുവ കേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എസ്.ആര്‍‍ അഭയ് ശങ്കര്‍ അധ്യക്ഷത വഹിച്ചു.ടി.എം അന്നമ്മ,പയ്യന്നൂര്‍ വിനീത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പരിപാടിയോടനുബന്ധിച്ച് നടന്ന അയല്‍പക്ക യൂത്ത് പാർലമെൻറിൽ ‘ഗാന്ധിയൻ ചിന്തയും ദുരന്തനിവാരണവും’ എന്ന വിഷയത്തിൽ സുരേഷ് ബാബു എളയാവൂര്‍ പ്രഭാഷണം നടത്തി. ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള  ‘ഗാന്ധി @150’ ക്വിസ് മത്സരവും നടന്നു.

പരിപാടികള്‍ക്ക് കെ.വി മിഥുന്‍ മോഹനന്‍,പി.കെ ഷംസീര്‍,പി. മിഥുന്‍ മോഹനന്‍,പി.സി സഹീറ എന്നിവര്‍ നേതൃത്വം നല്‍കി.

ഗാന്ധി ജന്മവാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിലെ യൂത്ത് ക്ലബ്ബുകള്‍ വഴി ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എസ്.ആര്‍ അഭയ് ശങ്കര്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: