ശ്രീജിവിന്റെ മരണം ആത്മഹത്യ തന്നെ, കസ്റ്റഡി കൊലപാതകമല്ലെന്ന് സിബിഐ ; സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശ്രീജിത്ത്

നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ മരണം കസ്റ്റഡി കൊലപാതകമല്ലെന്നും ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നും കേസ് അന്വേഷിച്ച സി.ബി.ഐയുടെ കണ്ടെത്തല്‍. ശ്രീജീവ് താമസിച്ച ആറ്റിങ്ങലിലെ ലോഡ്ജില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ശ്രീജീവ് ആത്മഹത്യ ചെയ്തതാണെന്ന് തെളിയിക്കാന്‍ പറ്റിയ ചില സാങ്കേതിക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അന്വേഷണ സംഘം തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ശ്രീജീവിനെ കസ്റ്റഡിയിലെടുത്ത പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ശ്രീജീവിനെ കസ്റ്റഡിയിലെടുക്കുമ്ബോള്‍ ദേഹപരിശോധന നടത്തിയില്ലെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.2014 മെയ് 19 നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്ബ് പുതുവല്‍പുത്തന്‍വീട്ടില്‍ ശ്രീജീവെന്ന 25 കാരനെ മോഷണ കുറ്റം ചുമത്തി പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ലോക്കപ്പില്‍ വിഷം കഴിച്ചെന്ന പേരില്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. ശ്രീജീവ് മരിച്ചെന്ന വിവരമാണ് ശ്രീജിത്ത് അടക്കമുള്ള ബന്ധുക്കളെ പിറ്റേന്ന് പൊലീസ് അറിയിച്ചത്. പൊലീസുകാരായ പ്രതികള്‍ക്കെതിരെ കേസുമായിപോകാന്‍ പേടിച്ച കുടുംബം പൊലീസ് കംപ്ലയിന്റ് അതോറിറ്റിയില്‍ പരാതി നല്‍കി.ശ്രീജീവ് ലോക്കപ്പില്‍ വിഷം കഴിച്ചതാണെന്ന പൊലീസുകാരുടെ കഥ അന്നത്തെ കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ തള്ളി.പാറശാല എസ് .ഐ ആയിരുന്ന ഗോപകുമാര്‍,എ.എസ്.ഐ ഫിലിപ്പോസ്, രണ്ടുപൊലീസുകാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.ശ്രീജീവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കാനും പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും വിധിയുണ്ടായി .പക്ഷേ പൊലീസുകാര്‍ക്കെതിരെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നില്ല.തുടര്‍ന്ന് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് കേസ് സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ കേസന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച്‌ ഇപ്പോഴും ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുകയാണ്. അതേസമയം, സി.ബി.ഐയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് പ്രതികരിച്ചു. കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം തന്റെ പക്കല്‍ ഉണ്ടായിരുന്ന ശാസ്ത്രീയ തെളിവുകളൊന്നും തന്നെ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ശ്രീജിത്ത് പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: