ഉരുൾപൊട്ടൽ മേഖലയിലെ നാശം നേരിൽക്കണ്ട് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ


ഉരുൾപൊട്ടൽ നാശം വിതച്ച കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, കോളയാട് പഞ്ചായത്തിലെ ചെക്യേരി പ്രദേശങ്ങൾതദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററും സംഘവും സന്ദർശിച്ചു. ആദ്യം ചെക്യേരി പട്ടികവർഗ കോളനിയിലെത്തിയ സംഘം ഉരുൾപൊട്ടലിൽ തകർന്ന പ്രദേശം നോക്കിക്കണ്ടു. വീടുകളും കൃഷിയിടങ്ങളും ഉരുൾപൊട്ടലിൽ തകർന്നിട്ടുണ്ട്. റോഡിൽ കല്ല് വീണ് ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. തുടർന്ന് നിടുംപൊയിൽ -മാനന്തവാടി റൂട്ടിലെ 28ാം മൈലിൽ മൂന്ന് കിലോമീറ്ററോളം റോഡ് തകർന്നത് സന്ദർശിച്ചു. റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ നടക്കുകയാണ്. പൂളക്കുറ്റിയിലെ മൂന്നു ജീവനെടുത്ത ദുരന്തപ്രദേശവും മന്ത്രി സന്ദർശിച്ചു. രണ്ടര വയസ്സുകാരി നുമ തസ്ലീമിന്റെ ജീവഹാനിക്കിടയാക്കിയ പ്രദേശവും കുടുംബക്ഷേമ കേന്ദ്രവും സന്ദർശിച്ചാണ് മടങ്ങിയത്. ഉരുൾപൊട്ടൽ ഉണ്ടായ കോളയാട് ചെക്യേരി കോളനിയിലെ കുടുംബങ്ങളെ പാർപ്പിച്ച പെരുന്തോട് വേക്കളം എ യു പി സ്‌കൂൾ ദുരിതാശ്വാസ ക്യാമ്പ്, പൂളക്കുറ്റിയിലെ ദുരിതബാധിതരെ പാർപ്പിച്ച പൂളക്കുറ്റി എൽപി സ്‌കൂളിലെയും സെൻറ് മേരീസ് ചർച്ചിലെയും ദുരിതാശ്വാസ ക്യാമ്പുകൾ എന്നിവ മന്ത്രി സന്ദർശിച്ച് ദുരിതബാധിതരെ ആശ്വസിപ്പിച്ചു. അവരുടെ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. മന്ത്രിയുടെ കൂടെ എംഎൽഎമാരായ അഡ്വ. സണ്ണിജോസഫ്, കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം റിജി, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എഡിഎം കെ കെ ദിവാകരൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: