ബോക്‌സിങ്ങിൽ ലവ്‌ലീനയ്‌ക്ക്‌ വെങ്കലം; ഇന്ത്യയ്‌ക്ക്‌ മൂന്നാം മെഡൽ

ടോക്യോ: ബോക്സിങ്ങിൽ റിങ്ങിൽ നിന്നും ഇന്ത്യയ്ക്ക് വെങ്കലം. ഇന്ത്യയുടെ വനിതാ ബോക്സർ ലവ്ലിന ബോർഗൊഹെയ്നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ സ്വന്തമാക്കിയത്. വനിതകളുടെ വെൽറ്റർ വെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിന ഇന്ത്യയ്ക്ക് മെഡൽ സമ്മാനിച്ചത്. നിർണായകമായ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരമായ തുർക്കിയുടെ ബുസെനാസ് സുർമെലെനിയോട് തോൽവി വഴങ്ങിയതോടെ ലവ്ലിന വെങ്കലമെഡൽ ഉറപ്പിച്ചു. സ്കോർ: 5-0

അനായാസ വിജയമാണ് ബുസെനാസ് നേടിയെടുത്തത്. ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ലവ്ലിനയ്ക്കെതിരേ പരിചയ സമ്പത്തിന്റെ കരുത്തിലാണ് തുർക്കി താരം വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ലവ്ലിനയ്ക്ക് ആധിപത്യം പുലർത്താനായില്ല. വിജയിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് വേണ്ടി ബോക്സിങ്ങിൽ ഒളിമ്പിക്സിൽ ഫൈനൽ കളിക്കുന്ന ആദ്യ താരം എന്ന നേട്ടം സ്വന്തമാക്കാൻ താരത്തിന് കഴിയുമായിരുന്നു.

ആദ്യ റൗണ്ടിൽ ലവ്ലിന നന്നായി തുടങ്ങിയെങ്കിലും ലോക ഒന്നാം നമ്പർ താരത്തിനെതിരേ പിന്നീട് മത്സരം കൈവിടുകയായിരുന്നു. ആദ്യ റൗണ്ട് ബുസെനാസ് സ്വന്തമാക്കി. രണ്ടാം റൗണ്ടിൽ തുർക്കി താരം ലീഡുയർത്തിയതോടെ ലവ്ലിന പതറി. ഒടുവിൽ ബോക്സിങ് റിങ്ങിൽനിന്നു മെഡൽ നേടിക്കൊണ്ട് തലയുയർത്തി ലവ്ലിന ഇന്ത്യയുടെ അഭിമാനമായി മാറി. മിരാബായ് ചാനുവിനും സിന്ധുവിനും ശേഷം ഈ ഒളിമ്പിക്സിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്.

വിജേന്ദർ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടുന്ന താരം എന്ന ബഹുമതി ലവ്ലിന സ്വന്തമാക്കി. മേരി കോമിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത കൂടിയാണ് ലവ്ലിന.

ലോക ചാമ്പ്യൻഷിപ്പിൽ രണ്ടുവട്ടം വെങ്കലം നേടിയിട്ടുള്ള ലവ്ലിന ബോർഗോഹെയ്ൻ അസം സ്വദേശിനിയാണ്. അസമിൽനിന്ന് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതയയാണവർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: