തലശ്ശേരിയിൽ ആഡംബര കാറിടിച്ച് യുവാവ് മരിച്ച സംഭവം: ‘അറസ്റ്റ് വൈകിപ്പിക്കുന്നു’ പൊലീസിനെതിരെ കുടുംബം

തലശ്ശേരി: ആഡംബര കാറിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ യുവാവ് മരിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാതെ പോലിസ്. ചമ്പാട് സ്വദേശി അഫ്‌ലാഹ് ഫറാസ്(19) മരണപ്പെട്ട സംഭവത്തില്‍ ഉന്നതര്‍ക്ക് ഒത്താശ ചെയ്ത് പോലിസ് നിസ്സംഗത കാട്ടുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇക്കഴിഞ്ഞ ബലിപെരുന്നാളിനു രണ്ടു ദിവസം മുമ്പ് ജൂലൈ 19ന് തലശ്ശേരിയില്‍ വച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാരനായ അഫ്‌ലാഹ് ഫറാസ് മരണപ്പെട്ടത്. എന്നാല്‍, അപകടം വരുത്തിയ ആഡംബര കാറിന്റെ നമ്പര്‍ പ്ലേറ്റ് അല്‍പ്പസമയത്തിനകം നീക്കിയത് നാട്ടുകാരെ സംശയം വര്‍ധിപ്പിച്ചു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പോലിസ് പ്രതികളെ പിടികൂടാന്‍ യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നാണ് കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്. റോഡില്‍ സാഹസിക അഭ്യാസം കാട്ടിയവരാണ് അപകടം വരുത്തിയതെന്നും ഇവര്‍ക്കെതിരേ മനപൂര്‍വമുള്ള നരഹത്യയ്ക്കു കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തില്‍ തലശ്ശേരി പോലിസ് ഐപിസി 279, 304 എ വകുപ്പുകള്‍ പ്രകാരം കേസെടുത്തെങ്കിലും കാറോടിച്ച റൂബിന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാതെ വൈകിപ്പിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. പ്രകികള്‍ ഇതിനുമുമ്പും ഇത്തരത്തില്‍ റോഡില്‍ സാഹസികാഭ്യാസം നടത്തി അപകടം വരുത്തിയിട്ടുണ്ടെന്നാണ് നാട്ടുകാരും ആരോപിക്കുന്നത്. ഇനിയും ഇത്തരം അപകടമരണങ്ങള്‍ ആവര്‍ത്തിക്കരുതെന്നും പോലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്. എന്നാല്‍, കാറോടിച്ചയാള്‍ ഒളിവിലാണെന്നും പോലിസ് അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് പോലിസ് പറയുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: