അക്ഷയ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശം,ലൈഫ്: അപേക്ഷ നല്‍കാന്‍ തിരക്ക് കൂട്ടേണ്ട

അക്ഷയ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാനും കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കര്‍ശന നിര്‍ദേശം. ചൊവ്വാഴ്ച മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗമാണ് ഈ നിര്‍ദേശം നല്‍കിയത്. 
സാമൂഹ്യ അകലം പാലിച്ചു നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഒരു സമയത്തു വരിയില്‍ നില്‍ക്കാന്‍ അനുവദിക്കൂകയുള്ളൂ. ടോക്കണ്‍ ഏര്‍പ്പെടുത്തി ഓരോരുത്തര്‍ക്കും പ്രത്യേക സമയം നല്‍കി ആളുകള്‍ ഒരുമിച്ച് എത്തുന്നത് ഒഴിവാക്കണം. എല്ലാവരും മാസ്‌ക് ധരിക്കുന്നുവെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. ഇക്കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്നു ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം നിരീക്ഷിക്കണമെന്നും യോഗം നിര്‍ദേശിച്ചു. കുട്ടികള്‍ അക്ഷയ കേന്ദ്രങ്ങളില്‍ വരുന്നത് നിരുത്സാഹപ്പെടുത്തണം. 
 പ്ലസ് വണ്‍ പ്രവേശനം, ലൈഫ് മിഷന്‍ വീടിനുള്ള അപേക്ഷ എന്നിവക്കായാണ് കൂടുതല്‍ പേര്‍ അക്ഷയ കേന്ദ്രങ്ങളില്‍ എത്തുന്നത്. 
ലൈഫ് മിഷന്‍ വീടിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ആഗസ്ത് 14 വരെ സമയം ഉണ്ട്. അതിനാല്‍ തിരക്ക് കൂട്ടേണ്ട ആവശ്യമില്ല. കണ്‍ടൈന്മെന്റ് സോണുകളില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി നല്‍കുമെന്ന് മുഖ്യമന്ത്രി തന്നെ അറിയിട്ടിട്ടുണ്ട്. ആദ്യം അപേക്ഷിക്കുന്നത് നോക്കിയല്ല, നിശ്ചിത ക്ലേശ ഘടകങ്ങള്‍ പരിശോധിച്ചാണ് അര്‍ഹരെ തെരെഞ്ഞെടുക്കുക. അതിനാല്‍ ആരും അനാവശ്യ ധൃതി കാണിക്കേണ്ടെന്നും യോഗം ഓര്‍മിപ്പിച്ചു. 
തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഡ് തലത്തില്‍ ലൈഫ് അപേക്ഷകരെ സഹായിക്കാന്‍ വായന ശാലകളിലും മറ്റുമായി  സംവിധാനം ഒരുക്കുന്നുണ്ട്. ഈ സൗകര്യവും ആളുകള്‍ക്ക്  ഉപയോഗപ്പെടുത്താവുന്നതാണ്. 
കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ സഹകരിക്കണമെന്നും അക്ഷയ സംരംഭകരും തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യം ഉറപ്പാക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. 
യോഗത്തില്‍ മേയര്‍ സി സീനത്ത്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, എഡിഎം ഇ പി മേഴ്സി, സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: