ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായിയ്ക്ക് വധഭീഷണി; യുവാവ് കത്തിവീശി; ഉമ്മന്‍ ചാണ്ടിയോട് തട്ടിക്കയറി

ഡല്‍ഹിയിലെ കേരള ഹൗസിന് മുന്നില്‍ മുഖ്യമന്ത്രിക്ക് വധഭീഷണി. കത്തി വീശിയാ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പിടികൂടി. അക്രമത്തിന് മുതിര്‍ന്നത് ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.സുരക്ഷാ സേനയുടെ സമയോചിത ഇടപെടലിലൂടെ യുവാവിന്റെ കൈയ്യില്‍നിന്ന് കത്തി പിടിച്ചുവാങ്ങി. രാവിലെ 9.25ഓടുകൂടിയാണ് ഇയാള്‍ എത്തിയത്. ഇയാളുടെ കൈയ്യില്‍ ഒരു ബാഗും പോക്കറ്റില്‍ ദേശീയപതാകയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണണമെന്നു പറഞ്ഞാണ് ഇയാള്‍ എത്തിയത്. കേരള ഹൗസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നപ്പോഴാണ് സംഭവം. ഇടപ്പളളിയില്‍ ജപ്തി ഭീഷണി നേരിടുന്ന പ്രീത ഷാജിയുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.വിമല്‍രാജിനോട് സംസാരിക്കാന്‍ ശ്രമിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും ഇദ്ദേഹം കയര്‍ത്തു. ഉമ്മന്‍ചാണ്ടിയെ വന്ന് കണ്ടിരുന്നുവെന്നും പരിഹാരം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തനിക്ക് കണ്ട പരിചയമില്ലെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി ഇവിടെ നിന്നും പോയി. ഇതിനിടയിലാണ് ബാഗ് തുറന്ന് കത്തി പുറത്തെടുക്കുകയും മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് ആരോപിച്ച് ബഹളം വെക്കുകയും ചെയ്തു. ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തുവെച്ച് കണ്ടിരുന്നതായും തനിക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നും സഹായം ചെയ്യണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്ന് ഇയാള്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ കീഴ്‌പെടുത്തുകയും ഡല്‍ഹി പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ കേരള ഹൌസില്‍ താമസിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: