തദ്ദേശസ്ഥാപന പരിധികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം: ജില്ലാ ആസൂത്രണ സമിതി


ജില്ലയിലെ എല്ലാ പഞ്ചായത്ത്, നഗരസഭ പരിധികളിലും കുറഞ്ഞത് അഞ്ച് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി നിർദ്ദേശം. അനധികൃത മണൽ മണൽ വാരലും മാലിന്യം തള്ളലും നിയന്ത്രിക്കാൻ നിരീക്ഷണ ക്യാമറകൾ അത്യാവശ്യമാണെന്ന് ആസൂത്രണ സമിതി അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ ഊർജ്ജിതമാക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഒഴിവാക്കുന്നതിന് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തും. വെള്ളക്കെട്ടുകൾ ഉണ്ടാക്കുന്ന അപകടങ്ങളിൽ ജാഗ്രത പാലിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. അപകടരമായ വൈദ്യുത തൂണുകൾ നീക്കം ചെയ്യാൻ കെ എസ് ഇ ബി യെ ചുമതലപ്പെടുത്തി. കണ്ണൂർ, ശ്രീകണ്ഠാപുരം സർക്കിളുകളിൽ കൺട്രോൾ റൂം തുറക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു. ഡിജിറ്റൽ സർവേയുടെ ഭാഗമായി തെരഞ്ഞെടുത്ത വില്ലേജുകൾക്ക് ക്യാമ്പ് ഓഫീസുകൾക്കായി കെട്ടിട സൗകര്യങ്ങൾ കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങളോട് യോഗം ആവശ്യപ്പെട്ടു.ജില്ലയിലെ സമ്പൂർണ സ്ഥിതി വിവരശേഖരണത്തിനുള്ള വിവര സഞ്ചയികയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പും ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്‌സ് സൊസൈറ്റിയും അവതരണം നടത്തി. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ടി രാജേഷ് പ്രധാനമന്ത്രി ജനവികാസ് കാര്യക്രമം പദ്ധതി വിശദീകരിച്ചു. 2022-23 വാർഷിക പദ്ധതി പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. കോർപ്പറേഷൻ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആക്ഷൻ പ്ലാനിന് അംഗീകാരം നൽകി.സ്റ്റാറ്റസ് റിപ്പോർട്ട്, പദ്ധതിരേഖ, വികസന രേഖ എന്നിവ പൂർത്തിയാക്കി സമർപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് യോഗം ആവശ്യപ്പെട്ടു.ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ആസൂത്രണ സമിതി അംഗങ്ങളായ മേയർ ടി ഒ മോഹനൻ, അഡ്വ.കെ കെ രത്‌നകുമാരി, ടി സരള, കെ വി ഗോവിന്ദൻ, വി ഗീത, എൻ പി ശ്രീധരൻ, ലിസി ജോസഫ്, ശ്രീന പ്രമോദ്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: