അഴിക്കോട് ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി


കാർഷിക പാരമ്പര്യ തനിമ ഓർമപ്പെടുത്തി അഴിക്കോട് ഞാറ്റുവേല ചന്തയ്ക്ക് തുടക്കം. കേരളത്തിന്റെ തനത് കാർഷിക സംസ്‌കാരത്തിന്റെ ഭാഗമായ ഞാറ്റുവേലകളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അഴീക്കോട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ചന്ത സംഘടിപ്പിച്ചത്.

അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കാർഷിക ഇൻഷുറൻസും  ഞാറ്റുവേല പ്രാധാന്യവും സംബന്ധിച്ച ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പച്ചക്കറി തൈകൾ, ഫലവൃക്ഷ തൈകൾ, തെങ്ങ്, അലങ്കാര ചെടികൾ, വിത്തുകൾ തുടങ്ങിയവ  ചന്തയിൽ വിപണനത്തിനായി ഒരുക്കിയിട്ടുണ്ട്. കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളും നടീൽ വസ്തുക്കളും പ്രദർശിപ്പിക്കുന്നതിനും ഇടനിലക്കാരില്ലാതെ ന്യായമായ വിലയ്ക്ക് വിൽക്കുന്നതിനും ചന്ത പ്രയോജനപ്പെടും. 

ചന്തയ്ക്ക് മുന്നോടിയായി കൃഷിഭവന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡുകളിലും കർഷകരുടെ യോഗം വിളിച്ചിരുന്നു. വിഷരഹിത പച്ചക്കറി ലഭ്യമാക്കാൻ ആഴ്ചച്ചന്തകൾ തുടങ്ങാനും പഞ്ചായത്തിൽ 40 ഹെക്ടർ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനും  പദ്ധതിയുണ്ട്. 
കണ്ണൂർ കൃഷി അസിസ്റ്റൻറ് ഡയറക്ടർ കെ രാഖി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ റീന,  പഞ്ചായത്ത് അസിസ്റ്റന്റ് കൃഷി ഓഫീസർ ബി മുരളി കൃഷ്ണൻ , കൃഷി വർക്കിംഗ് ഗ്രൂപ്പ് അധ്യക്ഷൻ പി ശ്രീകാന്ത് എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: