സ്കൂൾ വിക്കി പുരസ്കാരം കമ്പിൽ സ്കൂളിന്

കമ്പിൽ: എസ്.എസ്.എൽ.സി. പരീക്ഷയിലെ നൂറുശതമാനം വിജയത്തിന് പിന്നാലെ മറ്റൊരു നേട്ടവുമായി കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ.
പൊതുവിദ്യാഭ്യാസവകുപ്പിന്റെ സ്കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്കൂൾ വിക്കിയിൽ ജില്ലയിലെ മികച്ച താളുകൾ ഒരുക്കിയതിനാണ് കമ്പിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചത്. ഇൻഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, തനതുപ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി തുടങ്ങിയ 20 ഓളം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
25,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരങ്ങൾ സ്കൂൾ പ്രഥമാധ്യാപിക ജി. സുധർമ, വിക്കി മാസ്റ്റർ എൻ. നസീർ എന്നിവർ ചേർന്ന് മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് ഏറ്റുവാങ്ങി.