പഴയങ്ങാടി പോലിസ് സ്റ്റേഷനിൽ യുവതിയുടെ പരാക്രമം: എസ്.ഐക്കും പോലീസുകാരിക്കും പരിക്ക്

കണ്ണൂര്‍: പഴയങ്ങാടി പൊലീസ് സ്റ്റേഷനില്‍ കയറി യുവതി എസ്.ഐ യെയും വനിത പോലീസ് ഓഫീസറേയും ആക്രമിച്ചു. പൊലീസുകാരെ കയ്യേറ്റം ചെയ്ത യുവതി പേപ്പര്‍ വെയിറ്റ് ഉപയോഗിച്ച്‌ അലമാരയുടെ ഗ്ലാസ് തല്ലിപ്പൊളിക്കുകയും ചെയ്തു. പഴയങ്ങാടി സ്റ്റേഷനിലെ എസ് ഐ ബിനു മോഹന്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ ലീന, പ്രജീഷ് എന്നിവര്‍ക്ക് യുവതിയുടെ അക്രമത്തില്‍ പരിക്കേറ്റു. കാസറഗോഡ് സ്വദേശിനി കെ ദിവ്യ ആണ് പഴയങ്ങാടി പോലീസ് സ്റ്റേഷനില്‍ കയറി എസ് ഐ യെയും പൊലീസുകാരെയും ആക്രമിച്ചത്.

പഴയങ്ങാടി എസ് ഐ ബിനു മോഹന്‍ തളിപ്പറമ്പ് എസ് ഐ ആയിരുന്ന സമയത്ത് ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതി സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു വാങ്ങാന്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ വിവാഹമോചന കേസുമായിബന്ധപ്പെട്ട് ഇവരുടെ അച്ഛനമ്മമാർക്കുള്ള സമൻസ് തനിക്കുനൽകണം എന്നാവശ്യപ്പെട്ടു ഇവർ തളിപ്പറമ്പ സ്റ്റേഷനിൽ വെച്ചും ബഹളം ഉണ്ടാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് യുവതി പഴയങ്ങാടി സ്റ്റേഷനില്‍ എത്തിയത്. എന്നാൽ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ വനിതാ പോലീസിന്റെ സാനിധ്യത്തില്‍ മാത്രമേ സംസാരിക്കാന്‍കഴിയൂ എന്ന് എസ് ഐ വ്യക്തമാക്കി.

ഇതോടെ ദിവ്യ വാതില്‍ തള്ളിത്തുറന്ന് എസ് ഐ യുടെ കാബിനില്‍ കയറി. തടയാന്‍ ശ്രമിച്ച വനിതാ പൊലീസ് ഓഫീസറെ തള്ളിമാറ്റി അകത്തു കയറിയ യുവതി പേപ്പര്‍ വെയിറ്റ് വലിച്ചെറിയുകയും എസ് ഐ യെ ആക്രമിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനിലെ അലമാരയുടെ ചില്ലുകളും തകർത്തു. അക്രമസക്തയായ യുവതിയെ വനിതാ പൊലീസുകാര്‍ മല്‍പ്പിടിത്തതിലൂടെ ആണ് കീഴടക്കിയത്.

പരിക്കേറ്റ എസ് ഐ യും പോലീസുകാരും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍,അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്ത യുവതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

error: Content is protected !!
%d bloggers like this: