ഇരിട്ടി പാലത്തിൽ കണ്ടയ്‌നർ ലോറികൾ കുടുങ്ങുന്നത് നിത്യ സംഭവമാകുന്നു

ഇരിട്ടി പാലത്തിൽ കണ്ടയ്‌നർ ലോറികൾ കുടുങ്ങുന്നത് നിത്യ സംഭവമാകുന്നു. ബുധനാഴ്ച വൈകുന്നേരം കൂറ്റൻ കണ്ടെയ്‌നർ ലോറി പാലത്തിന്റെ മേൽക്കൂടിൽ കുടുങ്ങി ഒരു മണിക്കൂറിലേറെ ഇരിട്ടി പട്ടണത്തിൽ ഗതാഗതം സ്തംഭിച്ചു. ഒരുമാസം മുൻപും ഇതേപോലെ ലോറി പാലത്തിൽ കുടുങ്ങി ഗതാഗതം സ്തംഭിച്ചിരുന്നു. ഇതിനും കുറച്ചു ദിവസം മുൻപ് പാലത്തിന്റെ മേൽക്കൂട് നിർമ്മിച്ച കൂറ്റൻ ഇരുമ്പു ബീം പൊട്ടിവീണും ഏറെ നേരം ഗതാഗത സ്തംഭനമുണ്ടായിരുന്നു. ബുധനാഴ്ച വൈകുന്നേരം 4.30 തോടെ ഇരിട്ടിയിൽ നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കൂറ്റൻ കണ്ടെയ്‌നർ ലോറിയാണ് പാലത്തിൽ കുടുങ്ങിയത്.

പാലത്തിൽ ഗതാഗതം നിയന്ത്രിക്കുന്ന ഹോം ഗാർഡിനെ വെട്ടിച്ചുകൊണ്ടു അമിത വേഗതയിൽ വന്ന ലോറി പാലത്തിന്റെ ഇരുമ്പ് മേൽക്കൂടുകളിൽ ഇടിച്ചു കയറുകയായിരുന്നു. പാലത്തിന്റെ ഇരു ഭാഗത്തെയും കൂറ്റൻ ഇരുമ്പ് ബീമുകളെ ബന്ധിപ്പിച്ചു നിർത്തുന്ന മേൽക്കൂടിലെ ഇരുമ്പു കമ്പികളിൽ ലോറിയുടെ മേൽത്തട്ട് തുളഞ്ഞു കയറി അഞ്ച് മീറ്ററിലധികം കീറിപ്പറിഞ്ഞ ശേഷമാണ് ലോറി നിന്നത് . ഇരിട്ടി അഗ്നി രക്ഷാനിലയം ഓഫീസർ ജോൺസൺ പീറ്ററിന്റെ നേതൃത്വത്തിലുള്ള അഗ്നിശമനസേനാ സംഘവും ഇരിട്ടി പോലീസും സ്ഥലത്തെത്തി ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിൽ വാഹനം പിന്നോട്ടെടുത്ത്‌ ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. പാലത്തിൽ നിന്നും വാഹനം നീക്കിയ ശേഷവും ഇതോടനുബന്ധിച്ചു ഇരിട്ടി പട്ടണത്തിൽ രൂപപ്പെട്ട ഗതാഗതക്കുരുക്കഴിക്കാൻ ഒന്നര മണിക്കൂറിലധികം സമയമെടുത്തു.

error: Content is protected !!
%d bloggers like this: