ഇൻബോഡ് വള്ളങ്ങളുടെ കളർകോഡിങ് ഉടൻ പൂർത്തിയാക്കാൻ നിർദേശം

ഇൻബോഡ് വള്ളങ്ങളുടെ കളർ കോഡിങ് ഉടൻ പൂർത്തിയാക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം ശ്രീകണ്ഠൻ നിർദേശിച്ചു. ട്രോളിങ്‌ നിരോധനവുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് നിർദേശം. സംസ്ഥാനത്ത് ഒമ്പതുമുതൽ ജൂലൈ 31 വരെയാണ് ട്രോളിങ‌് നിരോധനം. സുരക്ഷാ പ്രശ്നം മുൻനിർത്തി രജിസ്ട്രേഷനും ലൈസൻസും ഇല്ലാത്ത തോണി കടലിൽ ഇറക്കരുതെന്നും ബയോമെട്രിക് കാർഡ് കൈയിൽ കരുതണമെന്നും ഡെപ്യൂട്ടി ഡയറക്ടർ യോഗത്തിൽ അറിയിച്ചു.ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനം സർക്കാർതലത്തിൽ സ്വീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ജീവൻരക്ഷാ ഉപകരണങ്ങളുമായിമാത്രമേ കടലിൽ പോകാവൂ. ലൈഫ് ജാക്കറ്റ്, ലൈഫ് ബോയി, ജിപിഎസ് എന്നിവ നിർബന്ധമാണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക‌് ജില്ലയിൽ 2500 ഓളം ലൈഫ് ജാക്കറ്റാണ് വിതരണത്തിനെത്തിയത്. ഗുണഭോക്തൃ വിഹിതം അടച്ച 1200 ഓളം ഗുണഭോക്താക്കൾക്ക് ഇവ വിതരണം ചെയ‌്തു. വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷ നൽകുന്ന തൊഴിലാളികൾക്ക് ശേഷിക്കുന്നവ നൽകും.
കാലാവസ്ഥാ മുന്നറിയിപ്പ‌് മത്സ്യത്തൊഴിലാളികൾ പാലിക്കണം. ട്രോളിങ‌് നിരോധന സമയത്ത് മത്സ്യം പിടിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും യാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മാപ്പിള ബേ കേന്ദ്രീകരിച്ചുള്ള ഫിഷറീസ് കേന്ദ്രങ്ങളിൽ മുഴുവൻ സമയ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച ഒമ്പത് കടൽരക്ഷാ സ്‌ക്വാഡുകളെ രക്ഷാപ്രവർത്തനങ്ങൾക്കായി നിയോഗിക്കും. കടലിൽ പോകുന്ന തൊഴിലാളികളെ സംബന്ധിച്ച കൃത്യമായ വിവരങ്ങളും അവരുടെ സുരക്ഷയും യാന ഉടമകൾ ഉറപ്പുവരുത്തേണ്ടതാണ്. ജില്ലയിൽ ട്രോളിങ‌് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി പട്രോളിങ്ങിനും രക്ഷാപ്രവർത്തനത്തിനുമായി മൂന്ന് ബോട്ടുകൾ വാടകയ്ക്കെടുക്കും. ഇതരസംസ്ഥാന ബോട്ടുകൾ ട്രോളിങ‌് നിരോധനം ആരംഭിക്കുന്നതിന് മുമ്പായി സംസ്ഥാനത്തെ തീരങ്ങൾ വിട്ട് പോകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. തീരം വിട്ടുപോകാത്ത ബോട്ടുകൾക്കെതിരെ കർശന നടപടിയെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: