തൂക്കുപാലം ഊഞ്ഞാൽ പോലെ ; ഭീതിയോടെ നാട്ടുകാർ

ഈ അധ്യയനവർഷവും സാഹസിക യാത്ര നടത്തി വേണം മണാട്ടി പുഴയ്ക്ക് അക്കരെയുള്ള വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്താൻ. പുഴ കടക്കാൻ ആകെയുളളത് ഊഞ്ഞാൽ പോലുള്ള തൂക്കുപാലമാണ്. മുളയും കമ്പികൊണ്ടും നിർമിച്ച തൂക്കുപാലം യഥാസമയങ്ങളിൽ പുനർനിർമിക്കാറില്ല. ഈ വർഷവും ഇതുവരെ പുനർനിർമിച്ചിട്ടില്ല. കൈവരിയായി കെട്ടിയിരിക്കുന്ന കമ്പികൾ ജീർണാവസ്ഥയിലാണ്. മഴക്കാലത്ത് പുഴയിൽ നീരൊഴുക്കു കൂടുമ്പോൾ കടവ് കടക്കാനാവാതെ വരുമ്പോഴാണ് വിദ്യാർഥികൾ അടക്കമുള്ള പ്രദേശവാസികൾ തൂക്കുപാലത്തെ ആശ്രയിക്കുന്നത്. സമീപത്തെ അങ്കണവാടി കുട്ടികളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. അതേസമയം മഴക്കാലത്ത് വാഹനസഞ്ചാരം നിലയ്ക്കുന്ന ബാലപുരം–മണാട്ടി–നെല്ലിപ്പാറ റോഡിന്റെ ഭാഗമായ മണാട്ടി പുഴയിൽ റഗുലേറ്റർ കം ബ്രിജ് നിർമിക്കണമെന്ന നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യം ഇനിയും യാഥാർഥ്യമായില്ല.മഴക്കാലത്ത് രണ്ടുഭാഗമായി വേർപെടുന്ന മണാട്ടി പ്രദേശത്തെ ബന്ധിപ്പിക്കാൻ ആകെയുള്ളതാണ് ഈ തൂക്കുപാലം. പുഴയോരമരങ്ങളിൽ കമ്പി കെട്ടി മുള നിരത്തിയാണ് കാലാകാലങ്ങളിൽ പാലം നിർമിക്കുന്നത്. പത്തോളം മീറ്റർ ഉയരമുണ്ട്. പിഞ്ചുകുട്ടികളെ ഭീതിയോടെയാണ് രക്ഷിതാക്കൾ തൂക്കുപാലം കടത്തുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: