ലോകം ലോകകപ്പിന്റെ ആരവങ്ങളിലേക്കുയരുമ്പോള്‍ വളപട്ടണത്തിന് ഇത്തവണ അഭിമാന നിമിഷം
കണ്ണൂര്‍: ലോകം ലോകകപ്പിന്റെ ആരവങ്ങളിലേക്കുയരുമ്പോള്‍ വളപട്ടണത്തിന് ഇത്തവണ അഭിമാന നിമിഷം. ചരിത്രത്തിലാദ്യമായി ഒരു ജില്ലാതല ടൂര്‍ണ്ണമെന്റില്‍ വളപട്ടണത്തുള്ള ടീം ചാമ്പ്യന്‍പട്ടമണിയുന്നത് നടാടെയാണ്. ലോകകപ്പ് ആവേശം കൊടുമ്പിരികൊള്ളുമ്പോള്‍ വളപട്ടണത്തെ കുരുന്നുകള്‍ നേടിയ ഈ ചരിത്ര വിജയത്തിന് ലോകകപ്പോളം തന്നെ ആവേശമുണ്ട്. ഇന്ത്യന്‍ ഫുട്ബോളിനും കേരള ഫുട്ബോളിനും ഒരുപാട് നേട്ടങ്ങള്‍ സംഭാവനചെയ്ത മക്കയാണ് വളപട്ടണം. എന്നാല്‍ അന്നൊന്നും തന്നെ വളപട്ടണത്ത് നിന്നുള്ള ഒരു ക്ലബ്ബ് ടീമിന് ജില്ലാതല ഫുട്ബോള്‍ കിരീടം കിട്ടാക്കനിയായിരുന്നു. ആ ഒരു ശാപത്തിനാണ് വളപട്ടണം ടൗണ്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിശീലനം നേടിയ കുട്ടിക്കുറുമ്പന്മാര് തിരുത്തിക്കുറിച്ചത്.
വളപട്ടണത്തെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികളും കുട്ടിക്കുറുമ്പന്മാരുടെ വിജയത്തില്‍ ആഹ്ലാദലഹരിയിലാണ്. ഒരുവര്‍ഷം മുമ്പ് ടൗണ്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫുട്ബോളില്‍ കഴിവുള്ള കുട്ടികളെ കണ്ടെത്തി സൗജന്യ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പില്‍ പരിശീലനം നല്‍കിയിരുന്നു. ഒരു ക്ലബ്ബ് ടീമിനെ വാര്‍ത്തെടുത്ത് കേരള ഫുട്ബോള്‍ അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്തു. കണ്ണൂര്‍ ജില്ലാ ഫുട്ബോള്‍ ലീഗില്‍ കളിക്കുകയും തുടര്‍ന്ന് ചാമ്പ്യന്മാരാവുകയും ചെയ്തു. മയ്യില്‍ സ്കൂള്‍ ഗ്രൗണ്ടില്‍വെച്ച് നടന്ന ജില്ലാ സ്കൂള്‍ ഫുട്ബോള്‍ ലീഗ് മത്സരത്തില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു മത്സരവും തോല്‍ക്കാതെ 12 പോയിന്റ് നേടിയാണ് വളപട്ടണം മടങ്ങിയത്. ബിഞ്ചരദാസ് കൊളച്ചേരി, സി ബി എസ് എസ് കാട്ടാമ്പള്ളി, ഡയനാമോസ് ഇരിക്കൂര്‍, എഫ് സി ചെറുകുന്ന് തുടങ്ങിയ ടീമുകളെ തോല്‍പ്പിച്ചാണ് വളപട്ടണം എ ഡിവിഷന് ജില്ലാ ലീഗില്‍ ചാമ്പ്യന്മാരായത്. ടൂര്‍ണ്ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി ടൗണ്‍ ഫുട്ബോള്‍ കോച്ചിംഗ് സെന്ററിലെ മുഹമ്മദ് ഹനാനെയാണ് തെരഞ്ഞെടുത്തത്. മുന്‍ കെ എസ് ആര് ടി സി താരം എളയടത്ത് ജൗഹര്‍, കെ പി സല്മാന് ഫാരിസ് എന്നിവരാണ് സൗജന്യ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പിലെ പരിശീലകര്‍. അല്‍ ഇഫ്തിഹാദ് ഫുട്ബോള്‍ അക്കാദമിയിലെ കുട്ടികളുമായി ചേര്‍ന്ന് ദുബായില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ ദുബായ് സൂപ്പര്‍ കപ്പ് ടൂര്‍ണ്ണമെന്റില്‍ കളിച്ച് ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട് ടൗണ്‍ ടീ.
ഇതിന് പുറമെ കേരള ബ്ലാസ്റ്റേഴ്സ് അണ്ടര്‍ 18 വിഭാഗത്തില്‍ കളിക്കാന്‍ രണ്ട് കുട്ടികള്‍ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഷില്ലോങ്ങില്‍ രണ്ട് മാസം നീണ്ടുനിന്ന ഓള് ഇന്ത്യ യൂത്ത് ഐ ലീഗ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ സായി എഫ് സി കല്‍ക്കത്തയോട് പരാജയപ്പെട്ട് റണ്ണേര്‍സ് അപ്പായ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ അംഗങ്ങളായ അഫ്രിതും അര്ജാസും കളിച്ചിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വെച്ച് നടന്ന വിജയരാജസിന്ധ്യ ഗോള്‍ഡ് കപ്പ് ഓള് ഇന്ത്യ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലും പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച കേരളത്തില്‍ നിന്നുള്ള ഏക ടീമാണ് ടൗണ്‍ ഫുട്ബോള്‍ കോച്ചിംഗ് സെന്റര്‍. ഗോകുലം എഫ് സി ഈ സീസണില്‍ കളിക്കുവാന്‍ ബി ടി അന്സിഫിനെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഒറീസയില്‍ വെച്ച് നടക്കുന്ന ഓള് ഇന്ത്യ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ കളിക്കുവാനും ടീമിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ടൗണ്‍ സ്പോര്‍ട്സ് ക്ലബ്ബ് ഭാരവാഹികളായ എളയടത്ത് അഷ്റഫും ടി വി അബ്ദുള്‍ മജീദും സി അബ്ദുറഹിമാനും എം ബി മുസ്തഫയും അറിയിച്ചു
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal