ഫോനി ബംഗാളില്‍; ഒഡീഷയില്‍ മരണസംഖ്യ എട്ട്

ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. അതേസമയം പശ്ചിമ ബംഗാളിലേക്ക് കടന്ന കാറ്റിന്‍റെ തീവ്രത കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച്ച അതിരാവിലെയോടെ ബംഗാളിലെ കരഗ്പൂരിലെത്തിയ ഫോനി നിലവില്‍ 90 കിലോമീറ്റര്‍ വേഗതിയില്‍ വടക്കു കിഴക്കന്‍ ദിശയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാളിന്‍റെ വിവിധ ഭാഗങ്ങളില്‍ ചുഴലിക്കാറ്റിന്‍റെ ഭാഗമായി കനത്ത മഴ തുടരുന്നുണ്ട്.ചുഴലിക്കാറ്റ് എത്തുന്നതിനു മുന്നോടിയായി കൊല്‍ക്കത്ത വിമാനത്താവളം വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെ അടച്ചിരുന്നു. ശനിയാഴ്ച്ച രാവിലെ എട്ടുവരെയാണ് വിമാനത്താവളം അടച്ചത്. കൊല്‍ക്കത്തയില്‍ നിന്നും 200 ല്‍ അധികം വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കും രണ്ടു ദിവസത്തേക്ക് അവധി നല്‍കിയിരിക്കുകയാണ്.അതേസമയം 175 കിലോമീറ്റര്‍ വേഗതിയില്‍ വീശിയ ഫോനി ഒഡീഷ തീരദേശ ജില്ലകളില്‍ കനത്ത നാശമാണ് വിതച്ചത്. കാറ്റിലും മരങ്ങള്‍ കടപുഴകി വീണും നിരവധി വീടുകളും കെട്ടിടങ്ങളും റോഡുകളും തകര്‍ന്നു. വൈദ്യുതി ബന്ധങ്ങളും പലയിടങ്ങളിലും തകരാറിലാണ്. സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറിലാണ് കൂടുതല്‍ നാശം. അതേസമയം ഭൂവനേശ്വറില്‍ നിന്നും നിര്‍ത്തിവച്ചിരുന്ന വിമാന സര്‍വീസുകള്‍ ശനിയാഴ്ച്ച ഉച്ചയോടെ പുനഃരാരംഭിക്കുമെന്നാണ് വിവരം. പ്രശസ്തമായ ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പുരിയും ആകെ തകര്‍ന്ന നിലയിലാണ്.യുദ്ധകാലാടിസ്ഥാനത്തില്‍ ഏകദേശം പതിനൊന്നുലക്ഷത്തോളം ജനങ്ങളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാലാണ് മരണസംഖ്യ ഉയരാതിരിക്കാന്‍ കാരണമായത്.സ്‌കൂളുകളില്‍ അടക്കം മൂവായിരം ദുരിതാശ്വാസ കേന്ദ്രങ്ങളിലായാണ് ആളുകളെ പാര്‍പ്പിച്ചിരിക്കുന്നത്. ഒഡീഷയ്ക്ക് അടിയന്തിര ദുരിതാശ്വാസമായി ആയിരം കോടി രൂപ പ്രധാനമന്ത്രി അനുവദിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: