രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; ഇരുപത്തിനാലു മണിക്കൂറിനിടെ 500 ലധികം പോസിറ്റീവ് കേസുകൾ, മരണം 75
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 3,072 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 525 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 2,784 പേര് ചികിത്സയിലാണ്. 213 പേര് രോഗമുക്തി നേടി. 75 പേര്‍ക്ക് ജീവന് നഷ്ടമായെന്നും കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ആകെ കൊറോണ സ്ഥിരീകരിച്ചവരില്‍ ആയിരത്തിലധികം പേര്‍ക്ക് നിസാമുദ്ദീന്‍ മതസമ്മേളനവുമായി ബന്ധമുണ്ടെന്ന് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കിയിരുന്നു.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. 490 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 26 പേര് മരിച്ചു. തമിഴ്നാടാണ് മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നില്‍. 485 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.