ക്വാറന്റൈനുശേഷം വീടുകള്‍ അണുനശീകരണം നടത്തണം: ഡി.എം.ഒ

കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോം ക്വാറന്റൈനിലും ആശുപത്രി ക്വാറന്റൈനിലും ഉണ്ടായിട്ടുള്ള വ്യക്തികള്‍ താമസിക്കുന്ന വീടുകളില്‍ അവരുടെ ക്വാറന്റൈന്‍ സമയം കഴിയുന്നതോടെ നിര്‍ബന്ധമായും അണുനശീകരണം നടത്തണമെന്ന് ഡി എം ഒ അറിയിച്ചു. ആശുപത്രി ക്വാറന്റൈനിലേക്ക് ആളുകളെ മാറ്റിയാല്‍ അവര്‍ ഉപയോഗിച്ച മുറി ചുരുങ്ങിയത് മൂന്ന് ദിവസം അടച്ചിടാന്‍ പ്രതേ്യകം ശ്രദ്ധിക്കണം. അതിനിടയില്‍ ആരുംതന്നെ ആ മുറിയിലേക്ക് പ്രവേശിക്കരുത്.
30 ശതമാനം ക്ലോറിന്‍ അടങ്ങിയ 17.5 ഗ്രാം ബ്ലീച്ചിങ്ങ് പൗഡര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തയ്യാറാക്കുന്ന കാത്സ്യം ഹൈപ്പോക്ലോറൈറ്റ് സൊലൂഷന്‍ ഉപയോഗിച്ചാണ് അണുനശീകരണം നടത്തേണ്ടത്. ശുചീകരണത്തിനായി ക്ലോറിന്‍ സൊലൂഷനില്‍ ഒരു ലിറ്ററില്‍ ഒരു ടീസ്പൂണ്‍ ഡിറ്റര്‍ജന്റ് കൂടി ചേര്‍ക്കുന്നത് നന്നായിരിക്കും. ബ്ലീച്ച് സൊലൂഷന്‍ പ്രതലങ്ങളില്‍ തളിച്ച് പത്ത് മിനുട്ടിന് ശേഷം മാത്രമേ തുടച്ചുവൃത്തിയാക്കാന്‍ പാടുള്ളു.
കോവിഡ് -19 പോസിറ്റീവ് ആയിട്ടുള്ള വ്യക്തി സ്പര്‍ശിക്കുകയോ സ്പര്‍ശിക്കാന്‍ സാധ്യതയുള്ളതോ ആയ എല്ലാ പ്രതലങ്ങളും ഈ രീതിയില്‍ വൃത്തിയാക്കേണ്ടതാണ്. ജനല്‍ കമ്പികള്‍, ഫര്‍ണിച്ചര്‍ എന്നിവയും ഈ രീതിയില്‍ വൃത്തിയാക്കേണ്ടതാണ്.
ആശുപത്രി ക്വാറന്റൈന്‍ കഴിഞ്ഞു വരുന്നവരെ അണുനശീകരണം നടത്തി വൃത്തിയാക്കിയ വീടുകളില്‍ മാത്രമേ പാര്‍പ്പിക്കാന്‍ പാടുള്ളൂ. ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വ്യക്തികള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, ബെഡ്ഷീററുകള്‍, തലയിണയുറകള്‍, മേശവിരികള്‍, ജനറല്‍ കര്‍ട്ടണുകള്‍ തുടങ്ങിയവ 10 മിനിറ്റ് ഹൈപ്പോക്ലോറൈറ്റ് സൊലൂഷനില്‍ കുതിര്‍ത്തിട്ടതിനുശേഷം അലക്കണം.
ബ്ലീച്ച് സൊലൂഷന്‍ പ്രതലങ്ങളില്‍ ഒഴിക്കുന്നതിനുമുമ്പായി കൈയുറയില്ലാതെ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതാണ്. കിടക്ക, തലയണ, കുഷ്യന്‍ എന്നിവ വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കണം. ശുചീകരണം നടത്തുന്നയാള്‍ അതിനുശേഷം നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് ശരീരം കഴുകി വൃത്തിയാക്കുകയും വേണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: