ലോകത്ത് കോവിഡ് മരണം 59,140 ആയി; ന്യൂയോര്‍ക്കില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു, ഇന്ത്യയിൽ 2,653 പേർക്ക് കോവിഡ്

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59,140 ആയി. ഇറ്റലിയിലാണ് ഏറ്റവും ഉയര്‍ന്ന മരണസംഖ്യ. 14,681 പേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടമായി. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് മുന്നില്‍. രണ്ടു ലക്ഷത്തി എഴുപത്തിയാറായിരത്തി തൊള്ളായിരത്തി അറുപത്തഞ്ചു പേര്‍ക്ക് രോഗം പിടിപെട്ടു. ഏഴായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിയൊന്നു പേര്‍ മരിച്ചു. സ്പെയിനില്‍ പതിനായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റിയെട്ടുപേര്‍ മരിച്ചു. ജര്‍മനിയില്‍ 1,275, ഫ്രാന്‍സ് 6507, യുകെ3605 എന്നിങ്ങനെയാണ് മരണസംഖ്യ.

ലോകം മുഴുവന്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര യുദ്ധങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തു. സിറിയ, ലിബിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് യു.എന്‍.സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസിന്റെ ആഹ്വാനം. കോവിഡ് മഹാമാരി അതിന്റെ പാരമ്യത്തില്‍ എത്തുന്നതെയുള്ളു. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചേക്കാം. യുദ്ധം അവസാനിപ്പിച്ച് കോവിഡ് പ്രതിരോധത്തിനായി കൈകോര്‍ക്കണമെന്നും ഗുട്ടറെസ് ആവശ്യപ്പെട്ടു

ഇന്ത്യയിൽ 2,653 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 62 പേർ മരിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 575 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരു ദിവസം ഇത്രയും പേർക്ക് വൈറസ് ബാധ കണ്ടെത്തിയത്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ രോഗബാധിതരുടെയെണ്ണം 490 ആയി. ഇതുവരെ 162 പേർ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. റാപിഡ് ടെസ്റ്റിനുള്ള മാർഗനിർദ്ദേശം ഐസിഎംആർ ഇന്ന് പുറത്തിറക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: