നാടന്‍ കലകളുടെ ഉത്സവം 22 മുതല്‍ ടൗണ്‍ സ്‌ക്വയറിലും പയ്യാമ്പലത്തും.

കണ്ണൂർ: സംസ്ഥാനത്തെ പരമ്പരാഗത – നാടോടി – അനുഷ്ഠാന കലകളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമായി

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2020 മാർച്ച് 22 മുതല്‍ 28 വരെ വിവിധ വേദികളിലായി അരങ്ങേറും. കണ്ണൂരില്‍ ടൗണ്‍ സ്‌ക്വയറിലും പയ്യാമ്പലം ബീച്ചിലുമായി മുപ്പതോളം കലാപരിപാടികളാണ് നടക്കുക.

‘ഉത്സവം’ പരിപാടിയുടെ 12-ാം പതിപ്പില്‍ കുറത്തിയാട്ടം, പാക്കനാര്‍കളി, തോല്‍പ്പാവക്കൂത്ത്, പറയന്‍തുളളല്‍, കോതാമൂരിയാട്ടം, കഥാപ്രസംഗം, കാക്കാരിശ്ശി നാടകം, വില്‍കലാമേള, ഗരുഡന്‍പറവ, കോല്‍ക്കളി തുടങ്ങി സംസ്ഥാനത്തെ വിവിധ വേദികളിലായി നടക്കുന്ന 100ല്‍ പരം കലാരൂപങ്ങളില്‍ 5000 ലധികം കലാകാരന്മാര്‍ അണിചേരും. പയ്യാമ്പലം ബീച്ചില്‍ വൈകുന്നേരം 5.30 നും ടൗണ്‍ സ്‌ക്വയറില്‍ വൈകുന്നേരം 6.30 നും പരിപാടികള്‍ക്കു തുടക്കമാവും. ഒരു ദിവസം രണ്ട് വീതം കലാരൂപങ്ങളാണ് അരങ്ങേറുക.

കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ മാർച്ച് 22ന് ജവഹര്‍ വനിതാ സംഘത്തിന്റെ പൂരക്കളി, കെ വാസുദേവന്റെ മുടിയേറ്റ്, 23ന് പരപ്പില്‍ കുറുമ്പന്റെ കാക്കാരിശ്ശി നാടകം, 24ന് മാനൂര്‍ ചന്ദ്രന്റെ പൊറാട്ട കളി, ഷീബ കൃഷ്ണകുമാറിന്റെ അഷ്ടപദി ഡാന്‍സ്, 25ന് നന്തിപുരം കെ പിയുടെ കുറത്തിയാട്ടം, വെട്ടിനാട് ശ്രീകുമാറിന്റെ വില്‍പ്പാട്ട്, 26ന് എസ് കുട്ടപ്പന്റെ പാക്കനാര്‍ കളി, മധ്യമലബാര്‍ സംഘത്തിന്റെ കോല്‍ക്കളി, 27ന് കെ വിശ്വനാഥ പുലവറുടെ തോല്‍പ്പാവക്കൂത്ത്, ഹരിചന്ദനയുടെ പറയന്‍തുളളല്‍, 28ന് ഡി ഹരിത്തിന്റെ കോതാമൂരിയാട്ടം, ടി മുഹമ്മദ് ഇസ്മായിലിന്റെ വട്ടപ്പാട്ട് എന്നിവ നടക്കും.

ജില്ലയിലെ മറ്റൊരു വേദിയായ പയ്യാമ്പലം ബീച്ചില്‍ 22ന് കുറിച്ചി നടേശന്റെ അര്‍ജ്ജുന നൃത്തം, ഉണ്ണികൃഷ്ണന്‍ പാക്കനാരുടെ ബാംബു സിംഫണി, 23ന് കിളിയൂര്‍ സദന്റെ കഥാപ്രസംഗം, സുശീലയുടെ കാക്കാരിശ്ശി നാടകം, 24ന് ഗുരുക്കള്‍ കെ ആര്‍ രദീപിന്റെ കളരിപ്പയറ്റ്, പന്മന അരവിന്ദാക്ഷന്റെ സര്‍പ്പകളമെഴുത്ത്, പുള്ളുവന്‍ പാട്ട്, 25ന് മണികണ്ഠന്റെ കണ്യാര്‍കളി, സൗപര്‍ണ്ണിക കലാവേദിയുടെ നാടന്‍പാട്ട്, 26ന് ടി വി സുധാകരന്റെ വില്‍കലാമേള, പാക്കനാര്‍ കലാസംഘത്തിന്റെ വിവിധ നാടന്‍ കലാരൂപങ്ങള്‍, 27ന് കലാമണ്ഡലം ശിവപ്രസാദിന്റെ മിഴാവില്‍ തായമ്പക, മുകുന്ദ പ്രസാദിന്റെ ഗരുഡന്‍ പറവ, 28ന് കെ എം ഉണ്ണികൃഷ്ണന്റെ പൂതനും തിറയും, രംഗശ്രീ ആനിജോണ്‍സണിന്റെ നങ്ങ്യാര്‍കൂത്ത് എന്നിവയും അരങ്ങേറും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: