വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിലേക്കുള്ള റോഡ് ടാറിടൽ പൂർത്തിയായി

നടുവിൽ:വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിലേക്കുള്ള റോഡ് ടാറിടൽ പൂർത്തിയായി. സഞ്ചാരികൾക്ക് ഇനി സ്വന്തം വാഹനവുമായി മലമുകൾവരെ ചെല്ലാം. ഇതുവരെ പുലിക്കുരുമ്പ, തുരുമ്പിവരെ വരുന്നവർക്ക് കോട്ടയം തട്ടിൽ യാത്ര അവസാനിപ്പിക്കണമായിരുന്നു. ടാക്സി ജീപ്പുകളിലാണ് മുകളിലെത്തിയിരുന്നത്. നടുവിൽവഴി വന്നിരുന്നവർ മണ്ടളത്ത് യാത്ര അവസാനിപ്പിച്ച് ടാക്സിവിളിക്കേണ്ട സ്ഥിതിയായിരുന്നു. മണ്ടളത്തുനിന്ന് മൂന്ന് കിലോമീറ്ററും കോട്ടയംതട്ടിൽനിന്ന് 900 മീറ്ററുമാണ് ദൂരം. ഇതിന് യഥാക്രമം 500-ഉം 300-ഉം രൂപ വരെ ഒരുഭാഗത്തേക്ക് വാടക വാങ്ങുന്നതായി പരാതി ഉണ്ട്. റോഡ് തകർന്നുകിടന്നത് ടാക്സിക്കാർക്ക് അനുഗ്രഹമാവുകയുംചെയ്തു. നാലുവർഷമായി ഇത് തുടർന്നുവരികയാണ്. 45 ജീപ്പുകൾ വിവിധ കേന്ദ്രങ്ങളിൽനിന്ന് പാലക്കയത്തേക്ക് ഓടുന്നുണ്ട്. കാറുകളിലും മറ്റും വരുന്ന സഞ്ചാരികളെ റോഡ് തകർന്നുകിടക്കുകയാണെന്ന് പറഞ്ഞ് ടാക്സി വിളിക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്തുവരുന്നത്. സാഹസികയാത്രയുടെ പ്രതീതി ഉണ്ടാക്കാൻ റോഡ് കുഴിച്ചും തകർത്തും അറ്റകുറ്റപ്പണികൾ നടത്താതെയും ഇട്ടു. നേരത്തെ കോട്ടയംതട്ടിൽനിന്ന് 450 മീറ്റർ ഗ്രാമപ്പഞ്ചായത്ത് ടാറിട്ടിരുന്നു. അവശേഷിക്കുന്ന 450 മീറ്റർ ജില്ലാ പഞ്ചായത്താണ് നന്നാക്കിയത്. 22 ലക്ഷം രൂപ ചെലവായി. കോട്ടയംതട്ടിൽനിന്ന് പാലക്കയത്തേക്ക് ഗതാഗതം സുഗമമായപ്പോൾ മണ്ടളം വഴിയും കൈതളം വഴിയുമുള്ള റോഡുകൾ തകർന്നുകിടക്കുകയാണ്. മഴപെയ്യുന്നതോടെ വീണ്ടും പഴയ സ്ഥിതിയാവും. ബോധപൂർവം റോഡ് തകർക്കുന്നു പാലക്കയം തട്ടിലെത്താനുള്ള റോഡുകൾ ബോധപൂർവം തകർക്കുന്നതായി നാട്ടുകാർ പറയുന്നു. കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ഉൾപ്പെടെ കടന്നുപോകാൻ പറ്റാതിരിക്കാനാണിത്. രണ്ടുമാസം മുൻപ് കോൺക്രീറ്റുചെയ്ത് കുഴിയടച്ച ചേറ്റടി വളവിൽ ഇപ്പോൾ റോഡ് തകർത്തനിലയിലാണ്. കയറ്റത്തോടെയുള്ള വളവായതിനാൽ കുഴിയിൽ വീണ വാഹനങ്ങൾക്ക് മുന്നോട്ടുപോകാൻ കഴിയില്ല. ഇതോടെ ടാക്സി ജീപ്പ് വിളിക്കാൻ യാത്രക്കാർ നിർബന്ധിതരാവും. റോഡ് തകർക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: